കേരളത്തിൽ വലിയ ചർച്ചയാക്കപ്പെട്ട രണ്ട് കൊലപാതകങ്ങൾ ആണ് ജിഷ വധവും, ആറ്റിങ്ങൽ ഇരട്ടക്കൊലയും. ഇതിലെ പ്രതികൾക്ക് വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്ന ചരിത്രപരമായ നീക്കവുമായി കേരള ഹൈക്കോടതി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ കൂടി പരിഗണിച്ചു കൊണ്ടാണ് പുനഃപരിശോധിക്കുക.
ജയില്‍ വകുപ്പിനോട് രണ്ടു കേസുകളിലേയും സ്വഭാവത്തെക്കുറിച്ചും പശ്ചാത്തലത്തേക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയില്‍ കോടതി തീരുമാനമെടുക്കുക. ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് കേരളത്തില്‍ ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ ജീവിതസാഹചര്യവും മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന ഉത്തരവ്. ഇക്കാര്യം കോടതിയില്‍ കുറ്റവാളികളുടെ അഭിഭാഷകര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികളുടെ കുറ്റകൃത്യത്തിന് മുന്‍പും അതിന് ശേഷവുമുള്ള സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം, നേരത്തേ ഇവര്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ ഇരയായവരാണോ, പ്രതികളുടെ മാനസികാവസ്ഥ എന്നിവ കൂടി പരിഗണിച്ച് മിറ്റിഗേഷന്‍ അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. രണ്ട് കേസുകളിലെ കുറ്റവാളികളെയും പാര്‍പ്പിച്ച ജയില്‍ അധികൃതരോട് പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തേടിയിട്ടുണ്ട്.