തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം; 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ പ്രവർത്തനമാരംഭിക്കുന്നു

0
46

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 210 സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ വരുന്നു. അഭിരുചിയ്ക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ വൈദഗ്‌ധ്യം യുവജനങ്ങളിൽ എത്തിക്കാൻ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പൊതുവിദ്യാലയങ്ങളിൽ നേരിട്ടെത്തി തുടർ പഠനം പൂർത്തിയാക്കാൻ കഴിയാത്ത 21 വയസ്സിൽ താഴെ പ്രായമുള്ള ഏതൊരാൾക്കും സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ പിന്തുണ നൽകും. പൊതുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയെ കുറിച്ചും , വികാസ മേഖലകളെ കുറിച്ചും , സാധ്യതയെ സംബന്ധിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാൻ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ വഴിയൊരുക്കും.

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 168 ബിആർസി കേന്ദ്രങ്ങളുടെയും പരിധിയിലായി തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. 210 നൈപുണ്യ വികസന കേന്ദ്രങ്ങളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനും സമഗ്ര ശിക്ഷ – സ്റ്റാർസ് പദ്ധതിക്കും നാഴികക്കല്ലാകുന്ന വൈജ്ഞാനിക കർമ്മ പദ്ധതിയാകും സ്‌കിൽ ഡെവലപ്പ്മെൻറ് സെന്ററുകൾ എന്ന് എസ് എസ് കെ ഡയറക്ടർ ഡോ. എ ആർ സുപ്രിയ ടീച്ചർ അറിയിച്ചു.