മോഖ ചുഴലിക്കാറ്റ് കരതൊട്ടു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

0
47

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത് കനത്ത നാശനഷ്ടം.സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലര്‍ട്ട് നല്‍കി.

സൂപ്പര്‍ സൈക്ലോണായി ശക്തി പ്രാപിച്ച മോഖ ചുഴലിക്കാറ്റ് ഉച്ചയോടെയാണ്മ്യാന്മറിന്റെ വടക്ക് പടിഞ്ഞാറു തീരത്ത് കൂടി കരയില്‍ പ്രവേശിക്കാന്‍ തുടങ്ങിയത്. കര തൊടുമ്പോള്‍ മോഖ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 210 മുതല്‍ 265 കിലോമീറ്റര്‍ വരെ വേഗത. മൂന്നരയോടെ മോഖ പൂര്‍ണമായും കരയില്‍ പ്രവേശിച്ചു. മോഖ മണിക്കൂറില്‍ 278 കിലോമീറ്റര്‍ വരെ വരെ വേഗത കൈവരിച്ചു എന്ന് അമേരിക്കന്‍ ഏജന്‍സി ജെടിഡബ്ല്യുസി വ്യക്തമാക്കി.

ചുഴലിക്കാറ്റിന്റെ സഞ്ചാര പാത ഉള്‍പ്പെടുന്ന കര പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാകുന്നത്.മ്യാന്മാറിന്റെ തീര ദേശമായ റാഖിന്‍ മേഖലയില്‍ ഒരു ലക്ഷത്തോളം ആളുകളെ മ്യാന്മര്‍ സൈന്യം ഒഴിപ്പിച്ചു . സിറ്റ്വെ നഗരത്തിലെ 75 ശതമാനം ആളുകള്‍ വീടുകള്‍ വിട്ട് പലായനം ചെയ്തു.ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്. വൈകുന്നേരത്തോടെ 8 മുതല്‍ 12 അടി ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് ബംഗ്ലാദേശ് കാലാവസ്ഥ വകുപ്പിന്റെ ഡയറക്ടര്‍ മുഹമ്മദ് അസീസുര്‍ റഹ്‌മാന്‍ പറഞ്ഞു.

മോഖ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.എന്നാല്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.മലയോര മേഖലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമുള്ള സാധ്യത കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. അതോടൊപ്പം കോട്ടയം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് നല്‍കി.കോട്ടയത്ത് ഉയര്‍ന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.