IPL; രാജസ്ഥാൻ റോയൽസിന് ദയനീയ തോൽവി

0
79

ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ദയനീയ തോൽവി. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 112 റൺസിന് വിജയിച്ചു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 10.3 ഓവറിൽ 59 റൺസിന് ഒതുങ്ങി.

ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് തുടക്കം വളരെ മോശമായിരുന്നു. 7 റൺസിനിടെ രാജസ്ഥാന്റെ മൂന്ന് വിക്കറ്റുകൾ വീണു. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയുടെ വക്കിലെത്തിയ യശസ്വിക്ക് ഇന്ന് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. രണ്ടാം പന്തിൽ തന്നെ മുഹമ്മദ് സിറാജ്, ജയ്വാളിനെ വിരാട് കോലിയുടെ കൈകളിലെത്തിച്ചു.

രണ്ടാം ഓവറിൽ വെയ്ൻ പാർനെൽ ഓപ്പണർ ജോസ് ബട്‌ലറെ(0) പവലിയനിലേക്ക് അയച്ചു. അതേ ഓവറിലെ നാലാം പന്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണും(5 പന്തിൽ 4 റൺസ്) പുറത്തായി. അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ രാജസ്ഥാന് നാലാമത്തെ അടി കിട്ടി. ദേവദത്ത് പടിക്കലിന്റെ വിക്കറ്റാണ് മൈക്കൽ ബ്രേസ്‌വെൽ വീഴ്ത്തിയത്. പടിക്കൽ 4 പന്തിൽ 4 റൺസെടുത്തു. പവർപ്ലേയുടെ അവസാന ഓവറിൽ രാജസ്ഥാന്റെ അഞ്ചാം വിക്കറ്റും വീണു. വെയ്ൻ പാർനെൽ ജോ റൂട്ടിനെ പുറത്താക്കി. റൂട്ടിന് 15 പന്തിൽ 10 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 28 റൺസായിരുന്നു പവർപ്ലേയിൽ രാജസ്ഥാന്റെ സ്കോർ. ഏഴാം ഓവറിൽ രാജസ്ഥാന് ആറാം പ്രഹരം. മൈക്കൽ ബ്രേസ്‌വെൽ ധ്രുവ് ജുറൈലിനെ (7 പന്തിൽ 1 റൺസ്) പവലിയനിലേക്ക് അയച്ചു. എട്ടാം ഓവറിലെ അവസാന പന്തിൽ ആർ അശ്വിൻ റണ്ണൗട്ടായി. വിക്കറ്റിന് പിന്നിലെ അനൂജ് റാവത്തിന്റെ മിടുക്കാണ് ആർസിബിക്ക് മറ്റൊരു വിക്കറ്റ് സമ്മാനിച്ചത്. പത്താം ഓവറിൽ ഹെറ്റ്മെയർ പുറത്തായി. 19 പന്തിൽ 35 റൺസാണ് താരം നേടിയത്. ആർസിബിയുടെ വെയ്ൻ പാർനെൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. അതേസമയം മൈക്കൽ ബ്രേസ്‌വെല്ലും കർൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം നേടി.

തോൽവിയോടെ പ്ലേ ഓഫിലെത്താമെന്ന രാജസ്ഥാന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇനി അടുത്ത ഘട്ടത്തിലെത്താൻ മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.