സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

0
61

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരിൽ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളും ചേർന്ന് യാത്രയാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ ഇതോടെ 4 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് വിജയിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് സുജാതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടർന്ന് ദാനം നൽകിയത്. ഡി.വൈ.എഫ്.ഐ. സജീവ പ്രവർത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുൾപ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രതീക്ഷയായത്.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, സൂപ്രണ്ട് ഡോ. ജയകുമാർ, സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ടി.വി. മുരളി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷീല വർഗീസ്, റേഡിയോളജി വിഭാഗം മേധാവി ഡോ. സജിത, മെഡിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സന്ദേശ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. രതീഷ് കുമാർ, സർജറി വിഭാഗം ഡോ. സന്തോഷ് കുമാർ, മറ്റ് ഡോക്ടർമാർ, നഴ്‌സിംഗ് ടീം, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിരവധി തവണ യോഗം ചേർന്ന് ആവശ്യമായ സംവിധാനങ്ങളൊരുക്കിയാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.