കേരള ബ്ലാസ്റ്റേഴ്സിൽ 2026 വരെ കരാർ പുതുക്കി യുവതാരം നിഹാൽ സുധീഷ്

0
99

കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ 2026 വരെ പുതുക്കി യുവതാരം നിഹാൽ സുധീഷ്. മൂന്ന് വർഷത്തേയ്ക്ക് കൂടിയാണ് കരാർ നീട്ടിയത്. നിഹാൽ സുധീഷ് പുതിയ കരാറിൽ ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോ​ഗികമായി മാധ്യമങ്ങളെ അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന്റെ പ്രധാന കളിക്കാരിലൊരാളാണ് കൊച്ചി സ്വദേശിയായ നിഹാൽ സുധീഷ്. കഴിഞ്ഞ വർഷത്തെ ഹീറോ ഐഎസ്എല്ലിനിടെ സീനിയർ ടീമിലും താരം ഇടംപിടിച്ചിരുന്നു. 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ കെബിഎഫ്സി റിസർവ്സ് ടീമിനായും നിഹാൽ കളിച്ചിട്ടുണ്ട്. 2022ൽ യുകെയിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പിലും റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിലും ക്ലബ്ബിന്റെ റിസർവ് ടീമിനായി കളിച്ചു.

നിഹാൽ സുധീഷ് പുറത്തെടുത്ത കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാണ് പ്രീ-സീസണിൽ സീനിയർ ടീമിനൊപ്പം താരത്തിന് അവസരം ലഭിക്കാൻ കാരണമായത്. ഈ സീസണിൽ ഹീറോ ഐഎസ്എൽ, സൂപ്പർ കപ്പ് എന്നിവയിൽ നിഹാൽ 6 മത്സരങ്ങളാണ് കളിച്ചത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 2015-16ൽ നടന്ന ഹീറോ ഐഎസ്എൽ സീസണിൽ ബോൾ ബോയിയുടെ റോളിൽ നിഹാൽ പ്രവർത്തിച്ചിട്ടുണ്ട്. അവിടെ നിന്നാണ് നിഹാൽ കഠിനാധ്വാനത്തിലൂടെ സീനിയർ ടീം വരെ എത്തിയത്.