നിയമ കുരുക്കുകളാൽ ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നത്തിന് കൂടി മന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെ പരിഹാരം ആയിരിക്കുകയാണ് കരുതലും കൈത്താങ്ങും കാട്ടാക്കട താലൂക്കുതല അദാലത്തിൽ. വീടിന്റെ താൽക്കാലിക കെട്ടിട നമ്പർ മാറ്റി സ്ഥിര നമ്പർ അനുവദിക്കണമെന്ന അപേക്ഷയുമായാണ് സുബൈദ ബീവിയും മകൻ റിയാസും അദാലത്തിലെത്തിയത്. 2019 ലാണ് സുബൈദ ബീവിയും ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം 4 സെന്റിൽ വീട് നിർമിച്ച് താമസമാകുന്നത്. എന്നാൽ നാലുവർഷം കഴിഞ്ഞിട്ടും വീടിന് സ്ഥിര നമ്പർ ലഭിക്കാത്തതിന്റെ ദുരിതത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
നിർമാണങ്ങൾ പൊതു റോഡിൽ നിന്നും മൂന്ന് മീറ്റർ ദൂരമെങ്കിലും പാലിക്കണമെന്ന കെട്ടിടം നിർമ്മാണ ചട്ടം ലംഘിക്കപ്പെട്ടത്തിനാലാണ് സ്ഥിര നമ്പർ നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്തത്. മൂന്നു മീറ്റർ എന്നുള്ളത് രണ്ടര മീറ്റർ ദൂരം മാത്രമേ പാലിക്കാൻ കഴിഞ്ഞിട്ടുള്ളു. മീൻ കച്ചവടവും കൂലിപ്പണിയും ഉപജീവനമാർഗമായുള്ള കുടുംബം മൂന്ന് തവണ പഞ്ചായത്തലത്തിൽ പരാതി നൽകിയെങ്കിലും നിർമ്മാണ ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിക്ക് നേരിട്ട് എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന വിശ്വാസത്തിൽ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിൽ സുബൈദ ബീവിയും മകനും എത്തുന്നത്.
അര മീറ്ററിന്റെ വ്യത്യാസത്തിൽ കെട്ടിട നമ്പർ കിട്ടാത്ത ദുരിതം മനസ്സിലാക്കിയ മന്ത്രി പ്രത്യേക ഉത്തരവിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് ഇളവ് നൽകി സ്ഥിരം നമ്പർ അനുവദിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. മന്ത്രിയുടെ ഉത്തരവ് കിട്ടിയതോടെ ഉദ്യോഗസ്ഥർക്ക് പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിൽ തീർപ്പാക്കാൻ പോകാതെ കഴിയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും എന്ന താലൂക്ക് തല അദാലത്തിന്റെ ഉറപ്പിന്റെ ഒരു ഉദാഹരണമായിരിക്കുകയാണ് സുബൈദ ബീവിയും കുടുംബവും. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ സന്തോഷവും നന്ദിയും അറിയിച്ചാണ് അമ്മയും മകനും കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച അദാലത്തിൽ നിന്നും മടങ്ങിയത്.