ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക

0
50

ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരെ 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിൽ അയർലൻഡ് പ്രതീക്ഷകൾ അസ്തമിച്ച സാഹചര്യത്തിലാണ് 2023 ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടിത്. ഇനി അയർലൻഡിന് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വരും.

ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന എട്ടാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് പരമ്പര 2-0 ന് സ്വന്തമാക്കിയാലും ലോകകപ്പ് സൂപ്പർ ലീഗ് (WCSL) സ്റ്റാൻഡിംഗിൽ എട്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ മറികടക്കാൻ അയർലൻഡിന് കഴിയില്ല. ഇതോടെ സിംബാബ്‌വെയിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾ അയർലൻഡിന് കളിക്കേണ്ടി വരും.

ജൂൺ 18 മുതൽ ജൂലൈ 9 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും ഉൾപ്പെടുന്ന ടൂർണമെന്റിലാണ് അയർലൻഡിന് കളിക്കേണ്ടത്. നേരത്തെ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ അയർലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് ഉയർത്തിയ 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്ത് നിൽക്കേയാണ് മഴ വില്ലനായി മാറിയത്. ഇതേത്തുടർന്ന് മത്സരം റദ്ദാക്കുകയായിരുന്നു.