താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പൊലീസിന്‍റെ പിടിയിൽ

0
90

താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പൊലീസിന്‍റെ പിടിയിൽ. താനൂരിൽ വെച്ചാണ് ദിനേശന്‍ പൊലീസിന്‍റെ പിടിയിലായായത്. ബോട്ടുമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പൊലീസ് അപേക്ഷ നൽകും.

അതേസമയം, താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെയും ഇന്ന് തീരുമാനിച്ചേക്കും. മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കും. ആറ് മാസമായിരിക്കും കമ്മീഷന്‍റെ കാലാവധി. ജുഡീഷ്യൽ അന്വേഷണത്തിൻ്റ് ടേംസ് ഓഫ് റെഫറന്‍സും മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ വിളിച്ച ഉന്നതതല യോഗവും ഇന്ന് ചേരും. ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങളും, നിലവിൽ ഉയർന്ന പരാതികളും ചർച്ചയാകും. ബോട്ടുകളുടെ പരിശോധനയ്ക്കും സുരക്ഷ ഉറപ്പാക്കാനുംഎൻഫോഴ്സ്മെന്‍റ് ഏജൻസി രൂപീകരിക്കാൻ ഇന്ന് തീരുമാനമെടുക്കും. മാരിടൈം ബോർഡ്, പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ വകുപ്പുകൾ ചേർത്തായിരിക്കും ഏജൻസി. ബോട്ടുകളുടെ ലൈസൻസ്, രജിസ്ട്രേഷൻ, ഓടിക്കുന്നവരുടെ ലൈസൻസ് എന്നിവയിൽ ഉയർന്ന പരാതികളും പരിശോധിക്കും.