ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം. അഞ്ച് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം പഞ്ചാബ് മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയതീരമണഞ്ഞു. 38 പന്തിൽ 51 റൺസ് നേടിയ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി രാഹുൽ ചഹാർ 2 വിക്കറ്റ് വീഴ്ത്തി.
റഹ്മാനുള്ള ഗുർബാസും ജേസൻ റോയും ചേർന്ന് കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. 38 റൺസാണ് ആദ്യ വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. 12 പന്തിൽ 15 റൺസ് നേടിയ ഗുർബാസിനെ വീഴ്ത്തി നതാൻ എല്ലിസ് പഞ്ചാബിന് ബ്രേക്ക് ത്രൂ നൽകി. മികച്ച രീതിയിൽ മുന്നോട്ടുപോകവെ ജേസൻ റോയും പുറത്ത്. 24 പന്തിൽ 38 റൺസ് നേടിയ താരത്തെ ഹർപ്രീത് ബ്രാർ ആണ് മടക്കിയത്.
മൂന്നാം വിക്കറ്റിൽ നിതീഷ് റാണയും വെങ്കടേഷ് അയ്യരും ചേർന്ന് 51 റൺസ് കൂട്ടിച്ചേർത്തെങ്കിലും വെങ്കടേഷിൻ്റെ മെല്ലെപ്പോക്ക് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. 13 പന്തിൽ 11 റൺസ് നേടിയ താരത്തെ ഒടുവിൽ രാഹുൽ ചഹാർ മടക്കി. ഇതിനിടെ 37 പന്തിൽ നിതീഷ് റാണ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ താരം രാഹുൽ ചഹാറിൻ്റെ തന്നെ ഇരയായി മടങ്ങി.
അവസാന ഓവറുകളിൽ ആന്ദ്രേ റസൽ ആഞ്ഞടിച്ചപ്പോൾ പഞ്ചാബ് വിയർത്തു. സാം കറൻ എറിഞ്ഞ 19ആം ഓവറിൽ മൂന്ന് സിക്സർ സഹിതം 20 റൺസ് നേടിയ റസൽ അവസാന ഓവറിൽ വിജയലക്ഷ്യം 6 ആക്കി ചുരുക്കി. അവിശ്വസനീയമായി ഓവർ എറിഞ്ഞ അർഷ്ദീപ് അഞ്ചാം പന്തിൽ റസലിനെ റണ്ണൗട്ടാക്കി. 23 പന്തിൽ 42 റൺസ് നേടി കൊൽക്കത്തയെ വിജയത്തിനരികെ എത്തിച്ചാണ് റസൽ മടങ്ങിയത്. 54 റൺസാണ് അഞ്ചാം വിക്കറ്റിൽ റിങ്കു സിംഗുമൊത്ത് റസൽ അടിച്ചുകൂട്ടിയത്. അവസാന പന്തിൽ 2 റൺസ് വിജയലക്ഷ്യം വേണ്ടിയിരിക്കെ റിങ്കു സിംഗ് ബൗണ്ടറി നേടി പഞ്ചാബിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. 10 പന്തിൽ 21 റൺസ് നേടിയ റിങ്കു നോട്ടൗട്ടാണ്.