24 മണിക്കൂറിനിടെ അമൃത്‌സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തായി രണ്ടാമത്തെ സ്‌ഫോടനം. ഇന്ന് രാവിലെ ആറരയോടെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള പൈതൃക തെരുവിലാണ് സംഭവം. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
‘സംഭവത്തില്‍ പരിശോധന നടത്തുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാണ്. ബോംബ് സ്‌ക്വാഡ്, ആന്റി സബോട്ടേജ്, എഫ് എസ് എല്‍ ടീം അംഗങ്ങള്‍ സ്ഥലത്തെത്തി’- അമൃത്‌സര്‍ എ ഡി സി പി അറിയിച്ചു. ഫോറന്‍സിംഗ് സംഘവും സ്ഥലത്തെത്തി സാമ്ബിളുകള്‍ ശേഖരിച്ചു.
പൊട്ടിത്തെറി ശബ്ദം കേട്ട പ്രദേശവാസികള്‍ സംഭവസ്ഥലത്തുനിന്ന് പുക ഉയരുന്നത് കണ്ടതായും പൊലീസിന് മൊഴി നല്‍കി. പൈതൃക തെരുവിലെ പാര്‍ക്കിംഗ് സ്ഥലത്ത് നൂല്‍ വഴി ബോംബ് കെട്ടിത്തൂക്കിയിട്ടാണ് അജ്ഞാതന്‍ സ്‌ഫോടനം നടത്തിയതെന്ന് ചിലര്‍ പറയുന്നു. സ്ഥലത്തെ ഒരു റെസ്‌റ്റോറന്റിലെ ചിമ്മിനിയില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നും വാര്‍ത്തകളുണ്ട്. സംഭവസ്ഥലത്തുനിന്ന് ലോഹ കഷ്ണങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ളോസീവ് ഡിവൈസ് (ഐ ഇ ഡി) ആണിതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ സ്‌ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നലെയും ഉണ്ടായത്. തീവ്രവാദ ആക്രമണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും സ്‌ഫോടനം അപകടമായിരിക്കാമെന്നും തീവ്രവാദ ആക്രമണമല്ലെന്നും ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവസമയം ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പെണ്‍കുട്ടികളുടെമേല്‍ ചില്ലുകള്‍ തകര്‍ന്നുവീണ് പരിക്ക് പറ്റുകയായിരുന്നെന്ന് പ്രദേശവാസി പറഞ്ഞു.