ഇന്ത്യാ – മ്യാന്മർ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി സൈന്യം. അക്രമം രൂക്ഷമാകാതിരിക്കാൻ മ്യാൻമറുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള നിരീക്ഷണം ഊർജ്ജിതപ്പെടുത്തി സൈന്യവും അസം റൈഫിൾസും. സംവരണവുമായി ബന്ധപ്പെട്ട് കുക്കി സംഘടനകൾ നടത്തിയ ട്രൈബൽ സോളിഡാരിറ്റി മാർച്ചിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് ആദിവാസി സംഘടനകൾ പ്രതിഷേധിച്ചത്.
മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ 54 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ മെയ് 6 ന് റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും നൂറിലധികം നിരകൾ കഴിഞ്ഞ 96 മണിക്കൂറുകളായി അക്ഷീണം പ്രയത്നിക്കുകയാണ്.
മണിപ്പൂരി വിമത ഗ്രൂപ്പുകൾ മ്യാൻമർ അതിർത്തിയിലെ ക്യാമ്പുകളിൽ താവളമുറപ്പിക്കുന്നതിനാൽ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നിർണായകമാണ്. അതിർത്തിക്കപ്പുറമുള്ള ക്യാമ്പുകളിൽ കഴിയുന്ന വിമത ഗ്രൂപ്പുകളുടെ പുതിയ സുരക്ഷാ മാനം പരിഹരിക്കാനാണ് ഈ നിരീക്ഷണം ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.