താനൂരിലെ ബോട്ടപകടത്തില്‍ കാണാതായ എട്ടു വയസുകാരനെ കണ്ടെത്തി. അപകടത്തില്‍പ്പെട്ട് പരുക്കേറ്റ കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കുട്ടിയെ കുറിച്ചുള്ള വിവരം ബന്ധപ്പെട്ടവര്‍ക്ക് ഇന്നലെ ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ കാണാനില്ലെന്ന് പരാതി നല്‍കിയതോടെ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്.
ഇനി അപകടത്തില്‍പെട്ട ആരെയും കണ്ടെത്താനില്ലെന്നാണ് കരുതുന്നത്. നിലവില്‍ ആരെയും കണ്ടുകിട്ടാനുളളതായി പരാതി ലഭിച്ചിട്ടില്ല. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഉണ്ടായ അപകടത്തില്‍ 22 പേരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ബോട്ടില്‍ നിന്ന് വെള്ളത്തില്‍ ചാടി നീന്തി രക്ഷപ്പെട്ട അഞ്ച് പേരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു. ഇപ്പോള്‍ കാണാതായെന്ന് കരുതിയ കുട്ടിയടക്കം പത്ത് പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
അതേസമയം താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ ഒളിവില്‍ തുടരുകയാണ്. ബോട്ടുടമയായ താനൂര്‍ സ്വദേശി നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടികൂടി. നാസറിന്റെ വാഹനവും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.
അതിനിടെ താനൂരില്‍ അപകടത്തില്‍പ്പെട്ടത് രൂപമാറ്റം വരുത്തിയ ബോട്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊന്നാനിയിലെ ലൈസന്‍സ് ഇല്ലാത്ത യാര്‍ഡില്‍ വെച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സര്‍വീസ് ലഭിച്ച കാര്യത്തിലടക്കം പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.