കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറമേകി നിക്ഷേപക സംഗമം

0
141

കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറമേകി നിക്ഷേപക സംഗമം. വിവിധ സംരംഭങ്ങൾക്കായി 381.75 കോടി രൂപയുടെ നിക്ഷേപമാണ് സാധ്യമായത്. 23 വ്യവസായികൾ ഇതിനായി സന്നദ്ധത അറിയിച്ചു. നിക്ഷേപകരിൽ നിന്നും താല്പര്യപത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഏറ്റുവാങ്ങി.

നിക്ഷേപകർക്കായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി പങ്കെടുത്തു. സംരംഭങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തിൽ പങ്കെടുത്ത നിക്ഷേപകരുടെ സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി.

കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (കെ.ഐ.ഡി.സി), വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിക്ഷേപക സംഗമം നടന്നത്. വിഴിഞ്ഞം തുറമുഖവും ഔട്ടർ റിംഗ് റോഡും യാഥാർത്ഥ്യമാകുന്നതോടെ കാട്ടാക്കട മണ്ഡലത്തിൽ വ്യവസായ സാധ്യതകൾക്ക് മികച്ച അവസരമാണ് ഒരുങ്ങുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു.

മണ്ഡലത്തിൽ നിന്നുള്ള പത്ത് സ്റ്റാർട്ടപ്പ് ആശയങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു. ഇതിൽ കറിക്കൂട്ടം, ഇ- ട്രാക്കർ, എസ്‌കെ (ESKAY)എന്നീ സംരംഭങ്ങളെ നിക്ഷേപത്തിനായി തെരഞ്ഞെടുത്തു.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി 117 വ്യവസായികളാണ് നിക്ഷേപ സംഗമത്തിൽ പങ്കാളികളായത്. വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.

നിക്ഷേപക സംഗമത്തിന്റെ ഭാഗമായി വിവിധ സംരംഭകരുടെ അവതരണം, മണ്ഡലത്തിലെ വ്യവസായ സാധ്യതകളെ കുറിച്ചുള്ള സംവാദം എന്നിവയും സംഘടിപ്പിച്ചു. നിക്ഷേപകസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മാറനല്ലൂർ, മലയിൻകീഴ്, കാട്ടാക്കട, വിളപ്പിൽ, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.