ലക്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

0
193

ലോ സ്കോറിംഗ് ത്രില്ലറിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 18 റൺസിനാണ് ബാംഗ്ലൂരിൻ്റെ ജയം. ബാംഗ്ലൂർ മുന്നോട്ടുവച്ച 127 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ 19.5 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. 23 റൺസ് നേടിയ കൃഷ്ണപ്പ ഗൗതമാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി കരൺ ശർമയും ജോഷ് ഹേസൽവിഡും 2 വിക്കറ്റ് വീതം വീഴ്ത്തി.

മോശം തുടക്കമാണ് ലക്നൗവിനു ലഭിച്ചത്. കെയിൽ മയേഴ്സ് (0) ആദ്യ ഓവറിൽ തന്നെ സിറാജിനു മുന്നിൽ വീണു. കൗണ്ടർ അറ്റാക്കിനു ശ്രമിച്ച കൃണാൽ പാണ്ഡ്യയെ (11 പന്തിൽ 14) ഗ്ലെൻ മാക്സ്‌വൽ മടക്കി. ആയുഷ് ബദോനിയെ (4) ജോഷ് ഹേസൽവുഡ് പുറത്താക്കി. ദീപക് ഹൂഡ വനിന്ദു ഹസരങ്കയുടെ ഇരയായി മടങ്ങിയപ്പോൾ നിക്കോളാസ് പൂരാനെയും (9) മാർക്കസ് സ്റ്റോയിനിസിനെയും (13) മരൺ ശർമ മടക്കി അയച്ചു. വിക്കറ്റ് വീഴ്ച കണക്കിലെടുക്കാതെ തകർത്തടിച്ച കൃഷ്ണപ്പ ഗൗതമും (13 പന്തിൽ 23) രണ്ടാം റണ്ണിനോടിയ രവി ബിഷ്ണോയും (5) റണ്ണൗട്ടായി. ഇതോടെ ലക്നൗ പരാജയം ഉറപ്പിച്ചെങ്കിലും നവീനുൽ ഹഖിൻ്റെ ഇന്നിംഗ്സ് (13) ലക്നൗവിനു പ്രതീക്ഷ നൽകി. നവീനെ ഹേസൽവുഡ് പുറത്താക്കിയതോടെ, ബാംഗ്ലൂർ ഇന്നിംഗ്സിനിടെ പരുക്കേറ്റ് മടങ്ങിയ കെഎൽ രാഹുൽ അവസാന വിക്കറ്റായി കളത്തിലെത്തി. പരുക്കേറ്റതിനാൽ രാഹുലിന് വിക്കറ്റിനിടയിൽ ഓടാൻ കഴിയുമായിരുന്നില്ല. അവസാന ഓവറിൽ അമിത് മിശ്ര (19) ഹർഷൽ പട്ടേലിൻ്റെ ഇരയായി മടങ്ങി.

ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 126 റൺസ് നേടി. 40 പന്തിൽ 44 റൺസ് നേടിയ ഫാഫ് ഡുപ്ലെസിയാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. ലക്നൗവിനായി നവീനുൽ ഹഖ് 3 വിക്കറ്റ് വീഴ്ത്തി.