ലാസ്റ്റ് ബോൾ ത്രില്ലറിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സ് ജയം

0
230

ലാസ്റ്റ് ബോൾ ത്രില്ലറിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സ് ജയം. നാല് വിക്കറ്റിനാണ് പഞ്ചാബ് ചെന്നൈക്കെതിരെ ത്രസിപ്പിക്കുന്ന ജയം കണ്ടെത്തിയത്. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സന്ദർശകർക്കെതിരെ 201 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങി പിബികെഎസിന്റെ ജയം അവസാന പന്തിൽ മൂന്ന് റൺസ് അകലെയായിരുന്നു. ആ പന്തിൽ മൂന്ന് റൺസ് കണ്ടെത്തിയ പഞ്ചാബ് സീസണിലെ തങ്ങളുടെ നാലാം ജയം നേടി. ചെന്നൈയ്ക്ക് ഇത് സീസണിലെ തുടർ തോൽവിയാണ്.

ആദ്യ ബാറ്റ് ചെയ്ത ചെന്നൈ ഓപ്പണർ ഡെവോൺ കൊൺവെയുടെ 92 റൺസ് ഇന്നിങ്സിൽ 200 റൺസെടുക്കുകയായിരുന്നു. 52 പന്തിൽ 16 ഫോറുകളും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് ദക്ഷിണാഫ്രിക്കൻ താരം 92 റൺസെടുത്തത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് നിശ്ചിത ഓവറിൽ സിഎസ്കെ 200 റൺസെടുത്തത്. അവസാനം ഇറങ്ങി നാല് പന്തിൽ രണ്ട് സിക്സറുമായി ധോണി 13 റൺസെടുത്താണ് ചെന്നൈയുടെ 200 റൺസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. പഞ്ചാബിനായി അർഷ്ദീപ് സിങ്, സാം കറൻ, രാഹുൽ ചഹർ, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

അച്ചടക്കമില്ലാത്ത ചെന്നൈയുടെ ബോളിങ്ങാണ് ടീമിന് തോൽവി സമ്മാനിച്ചത് എന്ന പറയേണ്ടി വരും. പ്രതിരോധിക്കാവുന്ന സ്കോറാണെങ്കിലും ചെന്നൈ ബോളർമാർ അനാവശ്യമായി റൺസ് വിട്ടുകൊടുക്കുകയായിരുന്നു. ഒരു ഓവർ മാത്രം എറിഞ്ഞ മോയിൻ അലി ഒഴികെ ബാക്കി സിഎസ്കെ ബോളർമാർ 30തിൽ അധികം റൺസാണ് വിട്ടുകൊടുത്തത്. ഇടവേളകളിൽ പഞ്ചാബ് താരങ്ങളുടെ വിക്കറ്റുകൾ വീഴുന്നുണ്ടെങ്കിലും റൺസൊഴുക്ക് മാത്രം നിയന്ത്രിക്കാൻ സിഎസ്കെയ്ക്ക് സാധിച്ചില്ല. തുഷാർ ദേശ്പാണ്ഡെ മൂന്നും രവീന്ദ്ര ജഡേജ രണ്ടും മതീഷ പതിരണ ഒന്നും വീതമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

201 റൺസെടുത്ത വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ടോപ് സ്കോറർ 42 റൺസെടുത്ത പ്രഭ്സിമ്രൻ സിങ്ങാണ്. 40 റൺസെടുത്ത ലിയാം ലിവിങ്സൺ പഞ്ചാബിന്റെ സ്കോറിങ് വേഗത ഉയർത്തി. അവസാന ഓവറകളുൽ സിംബാബ്വെ സിക്കന്ദർ റാസയാണ് പിബികെഎസിന് ജയം സമ്മാനിച്ചത്. അവസാന ഓവറിൽ എട്ട് റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തുകളിൽ രണ്ട് റൺസ് മാത്രമാണ് ലങ്കൻ യുവ പേസർ പതിരണ വിട്ട് നൽകിയത്. തുടർന്നുള്ള രണ്ട് പന്തിൽ രണ്ട് റൺസ് വീതം നേടി പഞ്ചാബ് വിജയലക്ഷ്യം മൂന്നാക്കി ചുരുക്കി. ആവസാന പന്തും സിംബാബ്വെ താരം നീട്ടി അടിച്ചു. പന്ത് ബൗണ്ടറി കടന്നില്ലെങ്കിലും റാസയും ഷാറൂഖ് ഖാനും ചേർന്ന് മൂന്ന് ഓടി വിജയ റൺസ് നേടിയെടുക്കുകയായിരുന്നു. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ചെന്നൈ പത്ത് പോയിന്റുമായി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.