പ്രതിദിന യാത്രക്കാര്‍ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടര്‍മെട്രോ

0
27

പ്രതിദിന യാത്രക്കാര്‍ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടര്‍മെട്രോ. 11556 പേരാണ് ഇന്നലെമാത്രം കൊച്ചി വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തത്. പൂര്‍ണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നല്‍കുകയും ചെയ്യുന്ന കൊച്ചി വാട്ടര്‍മെട്രോയുടെ റെക്കോര്‍ഡാണ് ഈ നേട്ടമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ആദ്യദിനത്തില്‍ വാട്ടര്‍ മെട്രോയില്‍ 6559 പേരാണ് യാത്ര ചെയ്തത്. ഇന്നലെ ഒരു ദിവസം മാത്രം പതിനൊന്നായിരം പേര്‍ യാത്ര ചെയ്തു. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടര്‍ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈക്കോര്‍ട്ട് വൈപ്പിന്‍ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെര്‍മിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് വാട്ടര്‍ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും യാത്രചെയ്യാന്‍ സാധിക്കും.