പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പരിപാടിയിൽ സംസാരിച്ചത് കേരളത്തെ ഇകഴ്ത്തി കാണിക്കുന്ന രീതിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പരിപാടിയിൽ ആണെങ്കിൽപോലും പ്രധാനമന്ത്രി വസ്തുതാപരമായി അല്ലെ സംസാരിക്കേണ്ടത്. രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തു വസ്തുതയ്ക്ക് നിരക്കാത്തത് പ്രധാനമന്ത്രി പറയുമ്പോ അത് ജനങ്ങൾ എങ്ങനെ എടുക്കും എന്നെങ്കിലും ആലോചിക്കണ്ടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രധാനമന്ത്രി കേരളത്തിൽ വന്ന് രണ്ട് ഇടത്താണ് സംസാരിച്ചത്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു പ്രധാനമന്ത്രി സംസാരിച്ചത് സത്യമായ കാര്യങ്ങളായിരുന്നു. കേരളം രാജ്യത്തിന് മാതൃകയാണ് എന്നായിരുന്നു ഔദ്യോഗിക പരിപാടിയിൽ മോദി പറഞ്ഞത്. എന്നാൽ രാഷ്ട്രീയ പരിപാടിയിൽ എന്തൊക്കെ അവാസ്തവമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ പ്രധാനമന്ത്രിയെ ജനങ്ങൾ ശ്രദ്ധിക്കില്ലേ.
കഴിഞ്ഞ 7 വർഷത്തിനിടെ 7 ലക്ഷം തൊഴിലാണ് പി.എസ്.സി വഴി നൽകിയത്. ഇത് യു.പി.എസ്.സിയേക്കൾ കൂടുതലാണ്. ഒരു കോടി തൊഴിൽ നൽകും എന്ന് ബിജെപി വാഗ്ദാനം ചെയ്തത് പ്രധനമന്ത്രി ഓർക്കണം. വേറെ ചില വാഗ്ദാനങ്ങളും ഉണ്ടായിരുന്നു. ഇത്തരം വാഗ്ദാനങ്ങളിലൂടെയാണ് ബിജെപി അധികാരത്തിൽ വന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെ തന്നെ കൈയ്യൊഴിയുകയാണെന്നും സർക്കാരിന്റെ കയ്യിൽ സ്ഥാപനങ്ങൾ ഉണ്ടെങ്കിലല്ലേ തൊഴിൽ നൽകാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.