ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ. ബാംഗ്ലൂരിൻ്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടരെ നാല് മത്സരങ്ങൾ പരാജയപ്പെട്ട് കൊൽക്കത്ത എത്തുമ്പോൾ കരുത്തരായ പഞ്ചാബിനെയും രാജസ്ഥാനെയും വീഴ്ത്തിയാണ് ബാംഗ്ലൂർ ഇന്ന് ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗ് ഹെവി രാജസ്ഥാൻ റോയൽസിനെതിരെ ചിന്നസ്വാമിയിൽ 200നു താഴെയുള്ള സ്കോർ പ്രതിരോധിക്കാൻ സാധിച്ചു എന്നത് ബാംഗ്ലൂരിന് ഏറെ ആത്‌മവിശ്വാസം നൽകും.
കോലി, ഡുപ്ലെസി, മാക്സ്‌വൽ എന്നിവരിലാണ് ബാംഗ്ലൂരിൻ്റെ ബാറ്റിംഗ് പ്രതീക്ഷകൾ. ആകെ ടീം സ്കോർ ചെയ്ത റൺസിൻ്റെ 78.6 ശതമാനവും ഈ മൂന്ന് പേരും ചേർന്നാണ് കണ്ടെത്തിയത്. മോശം മധ്യനിരയും ലോവർ ഓർഡറും ബാംഗ്ലൂരിൻ്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്. മുഹമ്മദ് സിറാജ്, ഡേവിഡ് വില്ലി എന്നിവരുടെ തകർപ്പൻ ഫോമാണ് ബൗളിംഗിൽ ബാംഗ്ലൂരിൻ്റെ കരുത്ത്. ടീമിൽ മാറ്റമുണ്ടായേക്കില്ല.
കൊൽക്കത്തയ്ക്കും പഴയ പ്രശ്നങ്ങൾ തന്നെയാണ്. ഇതിനകം പലതവണ പൊളിച്ചെഴുതിയ ഓപ്പണിംഗ് സഖ്യം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ, സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവർ ഓപ്പണർ ജേസൻ റോയ് ഇറങ്ങിയത് അഞ്ചാം നമ്പറിലായിരുന്നു. പവർ പ്ലേയിൽ ഇതുവരെ ഏറ്റവുമധികം വിക്കറ്റ് നഷ്ടപ്പെട്ട ടീമും കൊൽക്കത്തയാണ്. പവർ പ്ലേ ഓവറുകളിൽ ആകെ നഷ്ടമായത് 17 വിക്കറ്റുകൾ. വരുൺ ചക്രവർത്തി, സുയാഷ് ശർമ എന്നീ സ്പിന്നർമാരിലാണ് കൊൽക്കത്തയുടെ ബൗളിംഗ് പ്രതീക്ഷകൾ. ഒരുപാട് പ്രശ്നങ്ങളുള്ള കൊൽക്കത്ത എന്ത് മാറ്റം കൊണ്ടുവരുമെന്നത് കണ്ടറിയണം.