ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. വെള്ളിയാഴ്ചയോടെ ഫിനിഷിങ് പോയിന്റില്‍ അഭിലാഷ് രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കന്‍ വനിതാതാരം കിര്‍സ്റ്റന്‍ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത് നിലവില്‍. അഭിലാഷിനെക്കാള്‍ നൂറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് കിര്‍സ്റ്റന്‍ ന്യൂഷാഫര്‍.
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ യാച്ച് റേസുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. 16 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഇനി അവശേഷിക്കുന്നത് അഭിലാഷ് ടോമി ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടംനേടുന്നത്.
ലോകം ഉറ്റുനോക്കുന്ന അവിശ്വസനീയ യാത്രയാണ് അഭിലാഷ് വിജയത്തോടെ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നത്. കടലിലെ തിരമാലകളോട് ഒറ്റയ്ക്ക് പൊരുതി മുന്നേറുന്ന അഭിലാഷ് വിജയിക്കുന്നതോടെ ഇന്ത്യയ്ക്കാകെ അതഭിമാനമായി മാറും.
2022 സെപ്റ്റംബറിലും 2018ലും അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുത്തിരുന്നു. 2018ല്‍ പക്ഷേ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റില്‍ യാച്ച് തകര്‍ന്നതോടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സാരമായി പരുക്കേറ്റ അഭിലാഷിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയിലെ പെര്‍തിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മൂവായിരത്തോളം കിലോമീറ്റര്‍ അകലെ വെച്ചാണ് അഭിലാഷ് അപകടത്തില്‍ പെടുന്നത്.