പക്ഷിപ്പനിയില്‍ ഭയന്നുവിറച്ച് അമേരിക്ക. പുതുതായുള്ള എച്ച്5എന്‍1 വകഭേദം കാരണമുള്ള പക്ഷിപ്പനി ബാധിച്ച് 5.8 കോടി പക്ഷികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്.
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന തരത്തില്‍ ഇതിന് ജനിതക വ്യതിയാനം സംഭവിക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. അങ്ങനെ സംഭവിച്ചാല്‍ കോവിഡിനേക്കാള്‍ മോശം സാഹചര്യം നേരിടേണ്ടി വന്നേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയില്‍ രോഗം ബാധിച്ച് കോഴികളും ടര്‍ക്കിക്കോഴികളും ഉള്‍പ്പെടെയുള്ളവയാണ് ചത്തുവീണത്. 2018ല്‍ എച്ച്5എന്‍8 വകഭേദം കാരണമുണ്ടായ പക്ഷിപ്പനിമൂലം യുഎസില്‍ അഞ്ചുകോടി പക്ഷികളെ കൊന്നുകളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടാക്കുന്ന എച്ച്5എന്‍1 വകഭേദം കാട്ടുപക്ഷികളെയാണു കൂടുതല്‍ ബാധിക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.
എത്ര പക്ഷികളെയാണ് ഈ പനി ബാധിച്ചിരിക്കുന്നത് എന്ന് കൃത്യമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ല. രോഗം യുഎസിലെ ചില മേഖലകളില്‍ സ്ഥിരമായി നില്‍ക്കുന്ന സ്ഥിതിവിശേഷമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അത് ഭക്ഷ്യലഭ്യതയെയും ജൈവവൈവിധ്യത്തെയും ബാധിക്കാനിടയുണ്ട്.
ഈ വൈറസിന് മനുഷ്യരെ ബാധിക്കാനുള്ള ശേഷിയുണ്ടെങ്കിലും അപൂര്‍വമായി മാത്രമേ ബാധിക്കാറുള്ളൂ. കഴിഞ്ഞവര്‍ഷം യുഎസിലെ ഒരാളിലും ചിലിയിലെ മറ്റൊരു വ്യക്തിയിലും ഈ രോഗം കണ്ടെത്തിയിരുന്നു. പരുന്തുകളെയും കഴുകന്മാരെയും കൊക്കുകളെയും ഇത് ബാധിച്ചതോടെ, പക്ഷിവര്‍ഗത്തിന് ഇത് ഭീഷണിയാകുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.