ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ കാര്യത്തിൽ കേരളം ലോകം ലോകശ്രദ്ധ നേടുന്നു: മുഖ്യമന്ത്രി

0
126

ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ കാര്യത്തിൽ കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയാണ്. കോന്നി മെഡിക്കൽ മെഡിക്കൽ കോളജിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം.കേരളത്തിൽ ജനങ്ങൾക്ക് വേണ്ടി വിപുലമായ പൊതുജന ആരോഗ്യ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തുപകരാൻ കോന്നി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു. തുടർഭരണത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഈ അക്കാദമിക് ബ്ലോക്ക് പൂർത്തിയാക്കിയത്.

1,65,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണ് ഈ അക്കാദമിക് ബ്ലോക്കും അതിലെ സൗകര്യങ്ങളും. നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുതകുന്ന സൗകര്യങ്ങളുണ്ട്. അതോടൊപ്പം അത്യാധുനിക സംവിധാനങ്ങളടങ്ങിയ അത്യാഹിത വിഭാഗവും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, സ്കാനിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

കോന്നി മെഡിക്കൽ കോളേജിൽ 3.5 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുളള ലേബര്‍ റൂമിനായുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഒന്നരക്കോടിയോളം രൂപ ചെലവിൽ കാഷ്വാലിറ്റിയോട് ചേര്‍ന്ന് 2 എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്ററുകളുടെ നിര്‍മ്മാണവും നടക്കുന്നു. അടുത്ത മാസം അവയും പ്രവര്‍ത്തനസജ്ജമാകും. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രം മുന്നൂറോളം തസ്തികകളാണ് ഈ മെഡിക്കൽ കോളേജിന്റെ പ്രവര്‍ത്തനം സുഗമമാക്കാനായി അനുവദിച്ചിട്ടുള്ളത്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പൊതുജനാരോഗ്യ രംഗം കെട്ടിപ്പടുക്കാൻ വിവിധ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നത്. നവകേരളം കെട്ടിപ്പടുക്കാൻ അനിവാര്യമാണ് ജനകീയമായൊരു പൊതുജനാരോഗ്യ രംഗം. കോന്നി മെഡിക്കൽ കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഈ ലക്ഷ്യം കൈവരിക്കാനുള്ള ഉറച്ച ചുവടുവെപ്പാണ്.