റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങൾ. താരങ്ങൾ വീണ്ടും ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചു. ഡബ്ലിയു എഫ് ഐ പ്രസിഡണ്ട് ബ്രിജ്ഭൂഷണനെതിരായാണ് പ്രതിഷേധം. ബ്രിജ്ഭൂഷണനെതിരെ താരങ്ങൾ ഡൽഹി പൊലീസിൽ പരാതി നൽകി.രണ്ടു ദിവസം മുൻപ് 7 താരങ്ങൾ കൊണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വിഷയത്തിൽ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ഇടപെട്ടിരുന്നു. സ്വാതി മാലിവാൾ ഡൽഹി പൊലീസിന് നോട്ടീസ് നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
ബജറംഗ് പുനിയ, സാക്ഷി മല്ലിക്ക്, വിനേഷ് ഫോഗാട്ട് എന്നിവർ ജന്തർ മന്ദറിൽ മാധ്യമങ്ങളോട് സംവദിച്ചു. പ്രായപൂർത്തി ആകാത്ത ഒരാൾ അടക്കമാണ് ലൈംഗിക പീഡന പരാതി നൽകിയത് എന്ന് മാധ്യമങ്ങളോട് താരങ്ങൾ പ്രതികരിച്ചു. തങ്ങൾ വ്യാജപരാതിയാണ് ഉന്നയിച്ചത് എന്ന് ഇപ്പോൾ പലരും ആരോപിക്കുന്നു. നീതി ലഭിക്കും വരെ ജന്തർ മന്ദറിൽ സമരം തുടരും. ഗുസ്തിയെ രക്ഷിക്കാനാണ് തങ്ങളുടെ പ്രതിഷേധം. കായിക മന്ത്രാലയത്തെ അറിയിച്ചിരുന്നു എങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. കായിക മന്ത്രാലയത്തിന്റെ മേൽ നോട്ട സമിതി റിപ്പോർട്ട് പുറത്ത് വിടണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.