പ്രധാനമന്ത്രി മറുപടി നൽകുന്നത് ആർ.എസ്.എസ് മുൻകൂട്ടി തീരുമാനിച്ച ചോദ്യങ്ങൾക്ക്; വിമർശനവുമായി എം.വി ​ഗോവിന്ദൻ

0
68

ആർ.എസ്.എസ് മുൻകൂട്ടി തീരുമാനിച്ച ചോദ്യങ്ങൾക്കാണ് പ്രധാനമന്ത്രി മറുപടി നൽകുന്നതെന്നും ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിനെ രാജ്യ വിരുദ്ധമാക്കുകയാണ് ബിജെപി. ചോദ്യം ചോദിക്കുന്നയാൽ കൽത്തുറുങ്കിൽ അടക്കപ്പെടും.

ചോദ്യം ചോദിക്കുന്നതിനെയാണ് ഡിവൈഎഫ്ഐ സമരായുധമാക്കുന്നത്. റെഡിമെയിഡ് ചോദ്യമാണ് പ്രധാനമന്ത്രിക്ക് മുന്നിൽ വരുന്നതെന്നും ഏത് പൊന്നാട കൊടുത്താലും ചാണകക്കുഴിയിൽ ആരും വീഴില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നു. കർശന നിയന്ത്രണങ്ങളിലൂടൊണ് ചൈന ജനസംഖ്യാ വർദ്ധനവ് തടഞ്ഞത്. ജനസംഖ്യ കൂട്ടലല്ല, മനുഷ്യരുടെ ഗുണനിലവാരമാണ് വേണ്ടതെന്ന് ചൈന പറഞ്ഞു. സഹോദരങ്ങൾ ഇല്ലാത്തതിനാൽ ചൈനയിൽ സഹോദര ബന്ധങ്ങൾ ഇല്ല.

ഇന്ത്യയിൽ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങൾ ജനസംഖ്യാ വർദ്ധനവിലേക്ക് നീങ്ങുമ്പോൾ ഇവിടെ ഗുണനിലവാരമുള്ള സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. ഇത്രയധികം ജനങ്ങളുള്ള ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളും യുവാക്കൾക്ക് തൊഴിലും വേണം. തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് 10%മായി ഉയർന്നുവെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ നിലയ്ക്കാത്ത ചോദ്യങ്ങൾ ഉയരുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയായ പാർലമെൻ്റിനെ മോദി ഇല്ലാതാക്കി. ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഉന്നയിക്കുന്നത് സുപ്രീം കോടതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.