രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

0
76

ലോക്‌സഭാ അംഗത്വം റദ്ദാക്കിയ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ നിന്ന് സാധനങ്ങൾ പൂർണമായി മാറ്റി. വസതിയുടെ താക്കോൽ ശനിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റിന് കൈമാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കെ.സി വേണുഗോപാൽ അടക്കമുള്ളവർ രാഹുലിനൊപ്പമുണ്ടാകും. രണ്ട് പതിറ്റാണ്ടായി ഈ വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്.

ഏപ്രിൽ 14 ന് രാഹുൽ തന്റെ ഓഫീസും ചില സ്വകാര്യ വസ്തുക്കളും ബംഗ്ലാവിൽ നിന്ന് നീക്കം ചെയ്തിരുന്നു. ബാക്കിയുള്ള സാധനങ്ങൾ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ നിന്ന് മാറ്റി. അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിലാണ് രാഹുൽ ഗാന്ധി ഇനി താമസിക്കുക.

അപകീർത്തിക്കേസിൽ മാർച്ച് 23 ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു.