ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രമെഴുതി എംഎസ് ധോണി

0
103

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രമെഴുതി എംഎസ് ധോണി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ ധോണി സൃഷ്ടിച്ചത് രണ്ടു റെക്കോർഡുകൾ. ഇന്ന് നിർണായകമായ മൂന്ന് പുറത്താക്കലുകൾ നടത്തി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി 200 പുറത്താക്കലുകൾ നടത്തുന്ന താരമായി ഈ നാല്പത്തിയൊന്നുകാരൻ മാറി. കൂടാതെ, ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം ക്യാച്ചുകൾ എടുക്കുന്ന വിക്കറ്റ് കീപ്പറായും താരം റെക്കോർഡ് സൃഷ്ടിച്ചു.

ഐപിഎല്ലിൽ ക്യാച്ചുകൾ, സ്റ്റമ്പിങ്ങുകൾ, റൺ ഔട്ടുകൾ എന്നിവ ചേർത്താണ് 200 പുറത്താക്കലുകൾ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന എന്ന റെക്കോർഡ് ധോണി നേടിയത്. ഇന്നത്തെ മത്സരത്തിൽ മാക്രമിന്റെ ക്യാച്ചെടുത്തും മായങ്ക് അഗർവാളിനെ സ്റ്റാമ്പ് ചെയ്തും വാഷിംഗ്ടൺ സുന്ദറിനെ റൺ ഔട്ടിലൂടെയും ധോണി പുറത്താക്കിയിരുന്നു.

അതോടൊപ്പം, ഇന്നത്തെ മത്സരത്തിൽ നേടിയ ക്യാച്ചിലൂടെ വിക്കറ്റ് കീപ്പറായി 208 ക്യാച്ചുകൾ എന്ന സംഖ്യയിലേക്ക് താരം എത്തി. വിക്കറ്റ് കീപ്പറായി 207 ക്യാച്ചുകൾ നേടിയ ക്വിന്റൺ ഡി കോക്കിനെയാണ് അദ്ദേഹം മറികടന്നത്. 205 ക്യാച്ചുകളുള്ള ദിനേശ് കാർത്തിക് പട്ടികയിൽ മൂന്നാമതാണ്.