സുഡാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സഹായം അഭ്യർത്ഥിച്ച് നിരവധി മലയാളികളാണ് സർക്കാരിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു.
വിഷയത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വി കെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. റമദാൻ കണക്കിലെടുത്താണ് തീരുമാനം.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതായി ആർഎസ്എഫ് പറയുന്നു. അതേസമയം സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. റമദാനിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിർത്തൽ നിലവിൽ വരികയെന്ന് ആർഎസ്എഫ് അറിയിച്ചു. സുഡാനിൽ നേരത്തെ രണ്ട് തവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല. ആർഎസ്എഫുമായുള്ള ചർച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവൻ ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ നേരത്തെ തള്ളുകയും ചെയ്തിരുന്നു.