പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം

0
106

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും.

ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യഘട്ടത്തിൽ സൈനികവാഹനത്തിന് തീപിടിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. എന്നാൽ രാത്രിയോടെ സൈന്യം നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥീരികരിക്കുകയായിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്. രാഷ്ട്രീയ റൈഫിൾസിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ രജൌരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഭീകരർ വനമേഖല വിട്ടു പോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയിൽ ഗതാഗതം താൽകാലികമായി നിർത്തിവെച്ചു. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. ആക്രമണത്തിന്റ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ ജാഗ്രത നിർദ്ദേശം നൽകി.

പൂഞ്ചിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ

1. ഹവീൽദാർ മൻദീപ് സിംഗ്

2. നായിക് ദേബാശിഷ് ​​ബസ്വാൾ

3. നായിക് കുൽ വന്ത് സിംഗ്

4. ഹർകൃഷൻ സിംഗ്

5. സേവക് സിംഗ്