സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം; സുജയ പാർവതിയെ 24 ന്യൂസ് സസ്പെൻഡ് ചെയ്തു

0
361

ബിഎംഎസ് വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം നടത്തിയതിനാല്‍ സുജയ പാർവതിയെ 24 ന്യൂസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോര്‍ട്ട്. ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാർവതി. സംഘപരിവാർ ബന്ധമുള്ള തൊഴിലാളി സംഘടനയായ ബി.എം.എസിന്‍റെ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ സ്ഥാപനത്തിനെതിരെ ആരോപണമുന്നയിച്ചത്.

ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകള്‍ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയായ സമയത്ത് റിപ്പോർട്ടിങിനായാലും മറ്റും അങ്ങോട്ട് പോകേണ്ടിതില്ല എന്നതായിരുന്നു ‘തന്‍റെ വ്യക്തിപരമായ  നിലപാടെന്നും അതുകൊണ്ട് തന്നെ തൊഴിലിടത്തിൽ  തനിക്ക് എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

പക്ഷെ അതെന്റെ നിലപാടാണ്. എന്റെ വിശ്വാസമാണ്. വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങൾ വേണ്ട എന്ന് തീരുമാനത്തിലാണ് കഴിഞ്ഞ 16 വർഷവും ഞാൻ ജോലി ചെയ്തതെന്നും സുജയ പറഞ്ഞു. ഏത് കോർപ്പറേറ്റ് സംവിധാനത്തിന് കീഴിൽ ജോലി ചെയ്യേണ്ടി വന്നാലും ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലിടം മാറിയാലും, എന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും സുജയ പറഞ്ഞു.