2023-ലെ ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറത്തിന്റെ ഡയമണ്ട് അവാർഡ് കെസിബിഎൽ-ന് ലഭിച്ചു

0
90

2023-ലെ ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറത്തിന്റെ Emerging Innovation in electric Mobility Domain-EV and EVSE Rollouts കാറ്റഗറിയിലെ ഡയമണ്ട് അവാർഡ് കെസിബിഎൽ-ന് ലഭിച്ചു. കെഎസ്ഇബിഎൽ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ എന്ന നവീന ആശയം വഴി ഓട്ടോറിക്ഷകളും ടൂവീലറുകളും ഉപയോഗിക്കുന്ന സാധാരണക്കാർക്ക് സംസ്ഥാനമൊട്ടാകെ ചാർജിങ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വൈദ്യുത വാഹന രംഗത്ത് കെഎസ്ഇബിഎൽ നടത്തിയ വൻ മുന്നേറ്റമാണ് അവാർഡിന് അർഹമാക്കിയത്. ഓരോ നിയോജക മണ്ഡലത്തിലും കുറഞ്ഞത് അഞ്ച് എന്ന് നിരക്കിൽ എംഎൽഎമാർ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് 1166 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

പദ്ധതിക്ക് മുന്നോടിയായി കേരളത്തിൽ ഏറ്റവും കൂടുതൽ ഓട്ടോറിക്ഷകൾ ഉള്ള കോഴിക്കോട് ജില്ലയിൽ 10 പൈലറ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. ഇത് വൻ വിജയമായതിനെ തുടർന്ന് ഓട്ടോ/ടൂവീലറുകൾ ഉപയോഗിക്കുന്നവരുടെ ആവശ്യപ്രകാരം ആണ് സംസ്ഥാനം ഒട്ടാകെ പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചത്. മൂലധന ചിലവ് പരമാവധി കുറച്ചുകൊണ്ട് വൈദ്യുതി പോസ്റ്റുകളിൽ ഇത്തരം ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചത് വഴി സാധാരണക്കാരന്റെ വാഹനമായ ഓട്ടോ/ ടൂവീലർ യാത്രികർക്ക് ചിലവ് കുറഞ്ഞ ഇന്ധനമായ വൈദ്യുതി ഉപയോഗിച്ച് യഥേഷ്ടം ചാർജിങ് അനുവദിക്കുന്നതിന് സാധിക്കുന്നുണ്ട്. കൂടാതെ ഫോർവീലറുകൾ അത്യാവശ്യഘട്ടങ്ങളിൽ ചാർജ് ചെയ്യുവാനും ഇവ ഉപയോഗിക്കാം. മൊബൈൽ ഫോൺ വഴി പണം അടച്ചുകൊണ്ട് ഇത്തരം സ്റ്റേഷനുകളിൽ ഓട്ടോറിക്ഷകൾക്കും ടൂവീലറുകൾക്കും ചാർജ് ചെയ്യാൻ കഴിയും.

സൗകര്യപ്രദമായ ചാർജിങ്ങിനായി കെഎസ്ഇബിയിൽ KEMapp എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പദ്ധതിക്കുള്ള ചാർജിങ് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തത് ചാർജ്ജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്. സ്ഥാപിച്ചത് ജനസിസ് എഞ്ചിനീയേർസ് & കോൺട്രാക്ടേഴ്സ് ആണ്. നിലവിൽ 51000-ത്തോളം സ്‌കൂട്ടറുകളും, 4500-ൽ പരം ഓട്ടോറിക്ഷകളും ഈ ചാർജിങ് സൗകര്യം ഉപയോഗപ്പെടുത്തി വരുന്നു. ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ ഇത്തരം പോൾമൗണ്ടഡ് ചാർജിങ് സെന്ററുകളുടെ പദ്ധതി അനുകരിക്കുവാൻ മറ്റ് പല സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചു വരുന്നു.
രാജ്യത്തിനാകെ മാതൃകയായ ഈ പദ്ധതി നടപ്പിലാക്കിയ കെഎസ്ഇബിഎൽ ഉദ്യോഗസ്ഥരെ വൈദ്യുതി മന്ത്രി ശ്രീ. കെ.കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.