നേതാക്കൾ വെളിപ്പെടുത്തൽ നടത്തുമെന്ന ഘട്ടത്തിൽ പരസ്യ പ്രസ്താവന വിലക്കി കെ സുധാകരൻ; പത്തനംതിട്ടയിൽ യുദ്ധം മുറുകുന്നു

0
62

പത്തനംതിട്ട ഡിസിസിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പത്തനംതിട്ട ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പൻ്റെ മുറി ചവിട്ടി തകർക്കുന്ന മുൻ മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജ്ജിൻ്റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം എതിർ ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു. ഡിസിസി പുന:സംഘടനയെ പറ്റി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കൾ ഇറങ്ങി പോയതും, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യനെതിരെ ബാബു ജോർജ്ജ് ആരോപണം ഉന്നയിച്ചതും കെ പി സി സി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കോൺഗ്രസിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി കഥ പുറത്ത് പറയുമെന്നും ബാബു ജോർജ് പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡിസിസി ഓഫീസ് ആക്രമിച്ചതിൻ്റെ പേരിലാണ് സസ്പെൻഷൻ എന്ന് പറയുന്നുണ്ടെങ്കിലും അഴിമതി കഥ പുറത്ത് പറയാതിരിക്കാനുള്ള നീക്കമാണിതെന്ന് വ്യക്തമാണ്. കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ബാബു ജോർജ്ജിനെതിരായ നടപടി. അതേസമയം ഡിസിസി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പനെതിരെ നടപടി എടുക്കാത്തത് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

പത്ര സമ്മേളനം വിളിച്ച് സുധാകരനെതിരെ നേതാക്കൾ പരസ്യ വെളിപ്പെടുത്തൽ നടത്തുമെന്ന ഘട്ടമെത്തിയപ്പോൾ ആണ് പരസ്യ പ്രസ്താവന വിലക്കി കെപിസിസി ഇന്ന് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യപ്രസ്താവനകളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെസുധാകരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളില്‍ കെപിസിസി ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെഭാഗത്ത് നിന്നും ഉണ്ടായാലുമത് ഗുരുതര അച്ചടക്ക ലംഘനമായി കാണുമെന്നാണ് കെ പി സി സിയുടെ മുന്നറിയിപ്പ്. കര്‍ശന നിര്‍ദ്ദേശത്തിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. പത്തനംതിട്ട ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ സംഘർഷം ഉണ്ടായതും ,ഡിസിസി ജനറൽ സെക്രട്ടറിക്ക് പരിക്ക് ഏറ്റതിന് പിന്നാലെ മല്ലപ്പള്ളി ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായ സംഘർഷത്തിൽ ബ്ലോക്ക് സെക്രട്ടറി സുരേഷ് ബാബുവിന് പരിക്കേറ്റതും പത്തനംതിട്ടയിൽ സമീപ ദിവസങ്ങളിൽ ആണ് നടന്നത്. മർദ്ദനമേറ്റ ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

എക്സിക്യൂട്ടീവ് യോഗത്തിൽ പുറത്തുനിന്നുള്ള കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചു എന്നാണ് പരാതി. ജില്ലാ പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ നോക്കിനിൽക്കയാണ് മർദ്ദനവും വധഭീഷണിയെന്നും സോജി പറഞ്ഞു. അതിനിടെ വിഷയം ചർച്ച ചെയ്യാൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പി ജെ കുര്യനെതിരെ രൂക്ഷവിമർശനമാണ് എ ഗ്രൂപ്പ് നേതാക്കളായ കെ ശിവദാസൻ നായരും പി മോഹൻ രാജും ഉയർത്തിയത്. കുര്യൻ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതായി ഇരു വരും ആരോപിച്ചു. സസ്പെൻഷിനിൽ ആയ എ ഗ്രൂപ്പ് നേതാവ് ബാബു ജോർജ് സാമ്പത്തിക തിരുമറി കാട്ടിയെന്ന കുര്യൻ തിരിച്ചടിച്ചു. ബാബു ജോർജ് ഡിസിസി പ്രസിഡണ്ട് ആയിരുന്ന ഘട്ടത്തിൽ പണം മേടിച്ച് സ്ഥാനാർഥികളെ നിർത്തിയത് കൊണ്ടാണ് പാർട്ടി തോറ്റതെന്നും കുര്യൻ ആരോപിപ്പിച്ചു. ജില്ലയിലെ കോൺഗ്രസ് നേതാക്കളെ വളർത്തിയത് താനാണെന്നും ക്യുര്യൻ യോഗത്തിൽ അവകാശപ്പെട്ടു.

മല്ലപ്പള്ളി ബ്ലോക്ക് എക്സിക്യൂട്ടീവ് യോഗത്തിലും സംഘർഷം ഉണ്ടായതും കോൺഗ്രസിന് നാണക്കേടായി. കവിയൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നു എന്നും, ഈ നിലപാടിന് പിന്നിൽ പി.ജെ. കുര്യൻ ആണ് എന്നായിരുന്നു വിമർശനം. തുടർന്ന് പിജെ കുര്യൻ അനുകൂലികൾ നടത്തിയ പ്രതിരോധമാണ് പോർവിളിയിലേക്കും സംഘർഷത്തിലേക്കും എത്തിച്ചത്. ഈ സംഘർഷത്തിൽ ആണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷ് ബാബുവിന് പരിക്കേറ്റത്. ഇതിന് പിന്നാലെ പി ജെ കുര്യന് ഗോബാക്ക് വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തായി സംഘർഷം പാർട്ടി ഓഫീസിന് പുറത്തേക്ക് പടർന്നതോടെ കീഴ്വായ്പൂർ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് അരമണിക്കൂറോളം നേരം ഓഫീസിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാതിരുന്ന പിജെ കുര്യനെ പോലീസ് ഇടപെട്ടാണ് യാത്രയാക്കിയത്.ജില്ലയിൽ പി.ജെ. ക്യുര്യനും കെസി വേണുഗോപാൽ പക്ഷവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിൽ എ ഗ്രൂപ്പിന് കടുത്ത അസംതൃപ്തിയാണുള്ളത്.കഴിഞ്ഞ ശനിയാഴ്ച നടന്ന ഡിസിസി പുനഃസംഘടനാ യോഗത്തിനിടയാണ് മുൻ ഡി.സി.സി പ്രസിഡെൻ്റ് ബാബു ജോർജ് നിലവിലെ ഡിസിസി പ്രസിഡൻ്റ് ഓഫീസിൻ്റെ കതക് ചവിട്ടി തുറക്കാൻ ശ്രമിച്ചത്.

മുൻ ഡിസിസി അധ്യക്ഷൻമാരായ ശിവദാസൻ നായർ , ബാബു ജോർജ് , പി മോഹൻ രാജ് തുടങ്ങിയവർ പുനഃസംഘടനയോഗം ബഹിഷ്കരിച്ച ഇറങ്ങിയത് പിന്നാലെയാണ് സംഭവം ഉണ്ടായത് .ഡിസിസി പുനഃസംഘടനമായി ബന്ധപ്പെട്ട ജില്ലയിലെ എ ഗ്രൂപ്പ് കലാപകൊടി ഉയർത്തിയിരിക്കുകയാണ്. ഭാരവാഹി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യോഗം പ്രതിഷേധങ്ങൾക്ക് വേദിയായത്. പാർട്ടിയിലെ അതൃപ്തിയുള്ളവരെയും സംഘടനാ നടപടി സ്വീകരിച്ചവരെയും പുനസംഘടനയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ശിവദാസൻ നായർ നേതൃത്വം നൽകുന്ന വിഭാഗത്തിൻറെ ആവശ്യം.

എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല എന്ന നിലപാടാണ് യോഗത്തിൽ പങ്കെടുത്ത കെ പി സി സി ജന സെക്രട്ടറി പഴകുളം മധുവും ,ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലും സ്വീകരിച്ചത്. കെ.പി.സി.സി നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ശിവദാസൻ നായരുടെ നിർദ്ദേശവും തള്ളിയതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്നാണ് മുൻ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസൻ നായർ, പി മോഹൻ രാജ്, ബാബു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. കെ.പി.സി.സി. ജനറൽ സെക്രടറി എം.എം. നസീർ , അടൂർ പ്രകാശ് , പി.ജെ കുര്യൻ തുടങ്ങിയ പ്രധാന നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. പുനസംഘടനയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായാണ് ചർച്ചകൾ നടന്നതെന്ന് ശിവദാസൻ നായർക്കൊപ്പം പുറത്ത് വന്ന പി മോഹൻ രാജും ബാബു ജോർജും പറഞ്ഞു. മുതിർന്ന നേതാവ് പി ജെ കുര്യൻ പുന സംഘടനയിൽ അമിതമായി ഇടപെടുന്നതായും ഇവർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ബാബു ജോർജ് നിലവിലെ ഡിസിസി പ്രസിഡൻ്റ ഓഫീസിൻ്റെ കതക് ചവിട്ടി തുറക്കാൻ ശ്രമിച്ചത്. ബാബു ജോർജിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസിസി പുനസംഘടനയെ ചൊല്ലി പത്തനംതിട്ടയിലെ കോൺഗ്രസിൽ ഭിന്നത രൂക്ഷമായതിനാൽ മൂന്ന് തവണ ജില്ലാ പുനസംഘടന യോഗം ചേർന്നിട്ടും ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതിനിടെ ഡിസിസി ഓഫീസിലെ സംഘർഷത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിലും പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുകയാണ്.

മുൻ ജില്ലാ പ്രസിഡന്റ്മാരായ കെ ശിവദാസൻ നായർ , പി മോഹൻരാജ് , ബാബു ജോർജ് എന്നിവർ ജില്ലയിൽ സ്വാധീനമുള്ള എ ഗ്രൂപ്പിലെ പ്രധാന നേതാക്കളാണ് .ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ എ ഗ്രൂപ്പ് ആണെങ്കിലും നിലവിൽ മുതിർന്ന് നേതാവ് പി.ജെ. കുര്യൻ്റെ ഒപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്.കെ സി വേണുഗോപാൽ പക്ഷക്കാരനായ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പുനസംഘടനയിലൂടെ ജില്ലയിൽ കാലുറപ്പിക്കാൻ ശ്രമിക്കുകയാണ്. കെ .പി.സിസി ജനറൽ സെക്രട്ടറി മോശമായി പെരുമാറിയതിനെ തുടർന്നാണ് യോഗം ബഹിഷ്കരിച്ചതെന്നാണ് എന്നാണ് നേതാക്കളുടെ വിശദീകരണം.കെസി വേണുഗോപാൽ പക്ഷക്കാരായ പഴകുളം മധു ജില്ലയിൽ നടത്തുന്ന കരു നീക്കങ്ങളിൽ എ ഗ്രൂപ്പ് നേതാക്കൾ കടുത്ത അസംതൃപ്തിയിലാണ്. ബാബു ജോർജിന്റെ സസ്പെൻഷൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ തർക്കം വരും ദിവസങ്ങളിൽ രൂക്ഷമാക്കാൻ തന്നെയാണ് സാധ്യത.