കേരളത്തിന്റെ നികുതി വിഹിതം കുറയാൻ കാരണം കേന്ദ്രത്തിന്റെ അശാസ്ത്രീയ നടപടി

0
132

ജനസംഖ്യാ നിയന്ത്രണത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള ഒരു സംസ്ഥാനമാണ് കേരളം. ആരോഗ്യ വിദ്യാഭ്യാസ സൂചികകളിലും കേരളം മുന്‍പന്തിയിൽ തന്നെ. 14-ാം ധനകാര്യ കമ്മീഷന്‍ കാലയളവ് വരെ 1971ലെ ജനസംഖ്യയാണ് നികുതി വിഹിതം കണക്കാക്കാൻ ഉപയോ​ഗിച്ചിരുന്നത്. അന്ന് കേരളത്തിലെ ജനസംഖ്യ കൂടുതലായതിനാല്‍ നികുതി വിഹിതം കൂടുതല്‍ ലഭിക്കുമായിരുന്നു. എന്നാൽ ബിജെപി അധികാരത്തിലെത്തിയ ശേഷം 15 -ാം ധനകാര്യ കമ്മീഷൻ മുതൽ 2011ലെ ജനസംഖ്യയാണ് ഇതിന് ആധാരമാക്കുന്നത്. അതുകൊണ്ട് തന്നെ ജനസംഖ്യ നിയന്ത്രണത്തിൽ കേരളം കൈവരിച്ച നേട്ടം നികുതി കുറയ്ക്കുന്നതിലേക്ക് വഴിയൊരുക്കി.

ധനകാര്യ കമ്മീഷനോട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ഈ സമീപനമാണ് കേരളത്തിന് ഇപ്പോള്‍ നികുതി വിഹിതത്തില്‍ ഇത്രയും നഷ്ടം വരാന്‍ കാരണമാക്കിയത് എന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. അതായത് ജനസംഖ്യ നിയന്ത്രണത്തില്‍ പുരോഗതി കൈവരിച്ച സംസ്ഥാനങ്ങള്‍ക്ക് എല്ലാം കേന്ദ്ര സര്‍ക്കാര്‍ പിഴയിട്ടിരിക്കുകയാണ്.

ഈ സാഹചര്യമാണ് കേരളത്തെ തനത് നികുതി വരുമാനം കാര്യക്ഷമമായി പിരിക്കാനുള്ള ഉദ്യമങ്ങളുമായി മുന്നോട്ട് പോവുക എന്ന സാഹചര്യത്തിലേക്കെത്തിച്ചിരിക്കുന്നത്. അത് ഫലപ്രദമായതിന്‍റെ അടിസ്ഥാനത്തില്‍ തനത് നികുതി വരുമാനം 20 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നികുതി വരുമാനത്തിനായി ന്യായമായ വിഭവസമാഹരണം നടത്തുമ്പോഴാണ് ഇവിടെ ചില മുറവിളികള്‍ ഉയരുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ പരിണതഫലമായുണ്ടായ നികുതി വിഹിതത്തിലെ കുറവ് നികുതി ഭീകരതയായി എന്തുകൊണ്ട് മാധ്യമങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾക്കും എന്തുകൊണ്ട് കാണാൻ കഴിയുന്നില്ല എന്നതൊരു ചോദ്യമാണ്.