കേന്ദ്ര ബജറ്റ് ; സാധാരണക്കാരന് തിരിച്ചടി; സാമ്പത്തികമാന്ദ്യവും പണപ്പെരുപ്പവും മറിക്കടക്കാൻ പദ്ധതികൾ ഒന്നുമില്ല

0
80

രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യവും പണപ്പെരുപ്പവും മറിക്കടക്കാനുള്ള ഒരു പദ്ധതികളൊന്നുമില്ലാതെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സാധാരണ ജനങ്ങളിൽ പണം എത്തിയാൽ മാത്രമെ കമ്പോളം സജീവമാകുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുകയുമുള്ളൂ. മാത്രമല്ല മുൻവർഷങ്ങളെ അപേക്ഷിച്ച് സബ്‌സിഡികൾ പലതും വെട്ടിക്കുറച്ചിരിക്കുയുമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു.

കാർഷികമേഖയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതികൾ ബജറ്റിൽ കാണാനില്ല. വളം സബ്‌സിഡി മുൻകാലങ്ങളെക്കാൾ വെട്ടിക്കുറച്ചത് കർഷകരെ ബാധിക്കും. പെട്രോളിയം സബ്‌സിഡി നൽകുന്ന പാചകവാതക സബ്സിഡിയും 22–23 ബജറ്റിനേക്കാൾ വെട്ടിക്കുറച്ചു. കൃഷി അനുബന്ധ പദ്ധതികൾക്ക് ബജറ്റ് വകയിരുത്തിയ തുക കുറവാണ്. കാർഷിക ഉൽപന്നങ്ങൾക്കുള്ള മിനിമം താങ്ങുവിലയെ കുറിച്ച് ബജറ്റിൽ പരാമർശമില്ല.

പി എം കിസാൻ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. മുൻ ബജറ്റിൽ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റിൽ 60,000 കോടിയായി കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയായ എം എൻ ആർ ഇ ജി പദ്ധതിക്ക് 89,400 കോടിയിൽനിന്ന് 60,000കോടിയായി കുറച്ചു.ദാരിദ്ര നിർമ്മാർജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നത് വലിയ ചതിയാണ്. സബ് കാ ആസാദ്,സബ്കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി 7 കാര്യങ്ങൾ പറഞ്ഞു. എന്നാൽ അതിൽ തൊഴിലാളി എന്ന ഒരു വാക്ക് ഇല്ലായിരുന്നു എന്നും എളമരം പറഞ്ഞു.