ആന്റണിയുടെ മകന് എന്തുപറ്റി, മോദി പ്രീണനത്തിൽ സർവ്വം ത്യജിച്ച് യാത്ര ബിജെപിയിലേക്കോ?

0
68

മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ഔദ്യോ​ഗിക പദവികളിൽ നിന്ന് രാജിവച്ചിരിക്കുകയാണ്. ​2002ലെ ​ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി പുറത്തിറകയ ഡോക്യുമെന്ററി സംബന്ധിച്ച് അനിൽ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതേ തുടർന്നാണ് പാർട്ടി പദവികൾ രാജിവെക്കാനുള്ള തീരുമാനത്തിലേക്കെത്തുന്നത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയെയും ബിബിസിയെയും വിമർശിക്കുന്നതായിരുന്നു അനിൽ ആന്റണിയുടെ ട്വീറ്റ്. ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യതിചലിച്ചാണ് വിവാദ നിലപാടിലേക്ക് അനിൽ ആന്റണി എത്തിയത്.

ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനിൽ പരസ്യമാക്കിയത്. കെപിസിസി ‍ഡിജിറ്റിൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് രാജി അറിയിച്ചുള്ള ട്വീറ്റിൽ അനിൽ കുറിച്ചിരിക്കുന്നത്. എന്നാൽ മോദി പ്രീണനത്തിൽ തന്റെ പദവി പോലും വിസ്മരിച്ചാണ് അനിൽ ഇന്നലെ ട്വീറ്റ് ചെയ്തതെന്ന വിമർശനം ഉയരുന്നുണ്ട്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംബന്ധിച്ച് ഇതുവരെ ഒരു പ്രതികരണവും നടത്താതെ മോദിക്ക് ന്യായീകരണവുമായി രംഗത്തെത്തിയതും വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.

ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ ഇന്നലെ പറഞ്ഞത്. ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. അനിലിന്റെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് രാജിവെച്ച് പുറത്തു പോകാന്‍ അനില്‍ തയ്യാറായത്.