ഇത് പൈശാചികവും ക്രൂരവുമല്ലെ; മകന്റെ രാജിയിൽ പ്രതികരിക്കാതെ എ കെ ആന്റണി; യാത്രയ്ക്ക് മൗനാനുവാദമോ ?

0
40

വിവാദ പ്രതികരണത്തെ തുടർന്ന് എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്നും അനില്‍ ആന്റണി രാജിവെച്ചതിൽ പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മകന്‍ രാജിവെച്ചതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകില്‍ നിന്ന് എ കെ ആന്റണി ഒഴിഞ്ഞുമാറി. ആന്റണിയുടെ പ്രതികരണമിങ്ങനെ:`വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങള്‍ക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ. ഞാന്‍ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്’, എ കെ ആന്റണി പറഞ്ഞു. ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ രൂക്ഷവിമർശനമാണുള്ളത്. പുതിയ കോൺഗ്രസ് സംസ്കാരം അംഗീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടാണ് അനിൽ രാജിവെച്ചത്.

ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം അറിയിച്ചത്. `മുഖസ്തുതിക്കാര്‍ക്കും പാദവേസവകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനാണ് നിങ്ങള്‍ക്കും നിങ്ങളുടെ ഒപ്പമുള്ളവര്‍ക്കും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു’ എന്ന് രാജിക്കകത്തില്‍ അനില്‍ ആരോപിച്ചു. അനിലിന്റെ പ്രതികരണം കോൺഗ്രസിന് പൊതുവെ നാണക്കേടായെന്നാണ് പ്രവർത്തകർ പറയുന്നത്. മകന്റെ രാജിയിലെ ആന്റണിയുടെ മൗനം മകന്റെ പ്രവർത്തികൾക്കുള്ള മൗന അനുവാദം ആണോ എന്നും വിമർശനം ഉയരുന്നുണ്ട്.

2002 ​ഗുജറാത്ത് കലാപത്തിൽ അന്ന് ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചാണ് അനിൽ രം​ഗത്തു വന്നത്. രാജ്യവ്യാപകമായി കോൺ​ഗ്രസ് ഡോക്യുമെന്ററി പിന്തുണയ്ക്കുമ്പോഴായിരുന്നു വിരുദ്ധ നിലപാടുമായി അനിൽ ആന്റണിയുടെ രം​ഗപ്രവേശം. അനിലിന്റെ മോദി പ്രീണനത്തെ വിമർശിച്ചും പ്രവർത്തകർ രം​ഗത്തെത്തി.