സർവകാല റെക്കോർഡും ഭേദിച്ച് സ്വർണവില; പവന് 42,160 രൂപ

0
48

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് 42,160 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 35 രൂപ കൂടി 5270 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനു മുമ്പ് സ്വർണവില പവന് 42,000 രൂപയായത്. കോവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു അന്ന് വില കുത്തനെ കൂടിയത്. ജനുവരിയിൽ ഇതുവരെ പവന് 1680 രൂപയുടെ വര്‍ധന.

കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കുത്തിനെ കൂടിയത്. ഒരു പവൻ സ്വർണത്തിന് 41,880 രൂപയായിരുന്നു ഇന്നലെ വരെ വില. ജനുവരി ഒന്നിന് 40,480 രൂപയായിരുന്നു സ്വർണ വില. എന്നാൽ ജനുവരി രണ്ടിന് വില കുറഞ്ഞ് പവന് 40,360 രൂപയായി മാറിയിരുന്നു. ഇതാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വീണ്ടും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരി‍ഞ്ഞതാണ് പെട്ടെന്ന് സ്വര്‍ണ വില കുതിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.