ഹിമാചലിലെ മൂന്ന് ഗ്രാമങ്ങളിൽ ജോഷിമഠിന് സമാനമായ സാഹചര്യം

0
100

ജോഷിമഠ് പ്രതിസന്ധി മറ്റ് സംസ്ഥാനങ്ങളിലും മുന്നറിയിപ്പിന് ഇടയാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിന് പുറമെ ഹിമാചൽ പ്രദേശിലും സമാന സാഹചര്യം നിലനിൽക്കുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ സെറാജ് താഴ്‌വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നീ മൂന്ന് ഗ്രാമങ്ങൾ ജോഷിമഠ് സമാനമായ സാഹചര്യം നേരിടുന്നതായി ഇന്ത്യാ ടുഡേ ടിവി മനസിലാക്കി. വീടുകളിൽ വിള്ളലുകൾ വീഴുന്നത് ഗ്രാമവാസികളെ പരിഭ്രാന്തിയിലാക്കുകയാണ്.

2018-19ൽ കിരാത്പൂർ-മണാലി ഹൈവേയിൽ നാലുവരിപ്പാത പദ്ധതി ആരംഭിക്കുന്നത് വരെ ഈ ഗ്രാമങ്ങളിൽ കാര്യങ്ങൾ സാധാരണമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പദ്ധതി ആരംഭിച്ചതിന് പിന്നാലെ 2020 മുതൽ മേഖലയിൽ വിള്ളലുകൾ ഉണ്ടാവാൻ തുടങ്ങി. നാലുവരിപ്പാതയുടെ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി 2024 ആണ്.

ഈ മൂന്ന് വില്ലേജുകളിലായി കുറഞ്ഞത് 32 വീടുകളും മൂന്ന് ക്ഷേത്രങ്ങളും അപകടസാധ്യതയുള്ളവയാണ്, ഇതിൽ ചില വീടുകൾ ഒഴിഞ്ഞു കിടക്കുകയാണ്. വീടുകൾക്ക് വിള്ളലുണ്ടായതിനാൽ പ്രദേശവാസികൾ പലായനം ചെയ്യേണ്ട അവസ്ഥയിലാണ്. അവർ പറയുന്നതനുസരിച്ച്, മൂന്ന് സംഘങ്ങൾ ഗ്രാമം സന്ദർശിച്ച് അവർക്ക് ശരിയായ നഷ്‌ടപരിഹാരം ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും ലഭ്യമായിട്ടില്ല.

“അവർ ഭവനരഹിതരായ ശേഷം നഷ്‌ടപരിഹാരം നൽകിയിട്ട് എന്തുചെയ്യാനാണ്” ഒരു പ്രദേശവാസി പറഞ്ഞു. മഴ പെയ്യുമ്പോഴെല്ലാം ഭയപ്പാടിലാണ് തങ്ങൾ കഴിയുന്നതെന്നും, സർക്കാർ ഉറപ്പുനൽകിയിട്ടും സുരക്ഷിതമായ ഇടങ്ങൾ ഒരുക്കി നൽകിയില്ലെന്നും അവർ പറയുന്നു.

“എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇവിടെ ചെലവഴിച്ചു. ഈ സ്ഥലം വിട്ടുപോകാനാണ് ഇപ്പോൾ ആളുകൾ ഞങ്ങളോട് ആവശ്യപ്പെടുന്നത്. ഞങ്ങൾ ഇവിടെ നിന്ന് എവിടെ പോകും?” ഫാഗു ഗ്രാമത്തിൽ നിന്നുള്ള ചമാരി ദേവി എന്ന വൃദ്ധ തങ്ങളുടെ ദുരവസ്ഥ വിവരിക്കവേ ചോദിച്ചു. “നാലുവരി ഹൈവേ പണി കാരണം ഞങ്ങളുടെ വീട് പൂർണമായും തകർന്നു. ഞങ്ങൾക്ക് അഞ്ച് കുട്ടികളുണ്ട്, അതിനാൽ ഇവിടെ നിന്ന് പോകാൻ വളരെ ബുദ്ധിമുട്ടാണ്” സൈന ദേവി എന്ന് സ്വയം പരിചയപ്പെടുത്തിയ നാഗാനി ഗ്രാമത്തിലെ മറ്റൊരു താമസക്കാരി കൂട്ടിച്ചേർത്തു.

“സർക്കാർ നഷ്‌ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സംസാരിച്ചു, പക്ഷേ കുട്ടികളും മുതിർന്നവരുമായി ഞങ്ങൾ എവിടെ പോകണം?” സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനിടയിൽ, തലൗട്ട് ഗ്രാമത്തിൽ നിന്നുള്ള 38 കാരിയായ ബീന ദേവി പറഞ്ഞു. അതേസമയം, 2018 മുതൽ പ്രശ്‌നം ഉടെലെടുത്തെന്നും, ഇതിൽ സർവേ നടത്തിയെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മൂല്യനിർണയത്തിന്റെ ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“2018-19 മുതലാണ് ഈ സംഭവ വികാസം ഉടലെടുത്തത്. കുന്നിടിച്ചതോടെ വീടുകൾക്ക് വിള്ളലുണ്ടായി. ഞങ്ങൾ 10 വില്ലേജുകളിൽ സർവേ നടത്തി. ശാസ്ത്രജ്ഞരും ഒരു സർവേ നടത്തി, റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്” മാണ്ഡി എഡിഎം അശ്വിനി കുമാർ വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് ഇരിക്കുകയാണ് പ്രദേശവാസികൾ.