ഇന്ന് നിര്‍ണായകം; ബഫര്‍ സോണ്‍ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍

0
54

ബഫര്‍ സോണ്‍ വിഷയത്തിലെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി കേന്ദ്രം സമര്‍പ്പിച്ച അപേക്ഷകളാണ് പരിഗണിക്കുക. ജൂണ്‍ മൂന്നിലെ വിധിയില്‍ ഇളവു വേണമെന്നും ഉത്തരവ് പരിഷ്‌കരിച്ച് ഭേദഗതി ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പിലാണ് ഹര്‍ജികള്‍.

വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേരളവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം അപേക്ഷ നല്‍കിയിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത്തരം ഇടങ്ങളിലെ ജനവാസമേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയെ പിന്തുണച്ചാണ് കേരളവും അപേക്ഷ നല്‍കിയിരിക്കുന്നത്.

കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയോദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇവയില്‍ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനം പ്രസിദ്ധികരിച്ചിട്ടുണ്ട്.

ഇതിന് പുറമെ പെരിയാര്‍ ദേശീയോദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ഇതിനാല്‍ തന്നെ 23 സംരക്ഷിത മേഖലകളില്‍ കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീം കോടതി അനുവദിച്ചാല്‍ കേരളത്തിന് കൂടി ഇളവ് ലഭിയ്ക്കും.