150 കോടിയുടെ നിധി വേട്ടയ്ക്ക് ഒരുങ്ങാം; 80 വർഷം മുമ്പ് കുഴിച്ചിട്ട കൊളളമുതലിനായി നെതർലാൻഡ്സ് മാപ്പ് പുറത്തുവിട്ടു

0
108

നിധി വേട്ടയുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ നാം കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടാകും. എന്നാല്‍ നെതര്‍ലാന്‍ഡ്സില്‍ അടുത്തിടെ ഒരു മാപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ പണ്ട് ഒരു കൂട്ടം നാസി സെനികര്‍ കുഴിച്ചിട്ട നിധി കണ്ടെത്താനുള്ള ശ്രമത്തിലാണ് നെതര്‍ലാന്‍ഡ്സുകാര്‍.

എന്താണ് ‘നാസി നിധി’?
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍, നാസികള്‍ അധിനിവേശ യൂറോപ്പില്‍ നിന്ന് പലായനം ചെയ്ത സമയത്ത് നാല് ജര്‍മ്മന്‍ പട്ടാളക്കാര്‍ അവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണ നാണയങ്ങളുടെയും ആഭരണങ്ങളുടെയും ഒരു ശേഖരം നെതര്‍ലാന്‍ഡ്‌സിന്റെ ഗ്രാമപ്രദേശങ്ങളില്‍ കുഴിച്ചിട്ടിരുന്നുവത്രേ. നെതര്‍ലാന്‍ഡ്സിലെ നാഷണല്‍ ആര്‍ക്കൈവ്സ്, 80 വര്‍ഷങ്ങള്‍ക്ക് ശേഷം, നാസികള്‍ കുഴിച്ചിട്ട കൊള്ള മുതല്‍ കണ്ടെത്തുന്നതിനായി ചില രേഖകളും ഒരു മാപ്പും പുറത്തുവിട്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

നിധിശേഖരത്തില്‍ ഉള്ളത് എന്തെല്ലാം?
നാണയങ്ങള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, വജ്രങ്ങള്‍, മറ്റ് രത്‌നങ്ങള്‍ എന്നിവ നിറച്ച നാല് കെയ്‌സുകള്‍ അടങ്ങുന്നതാണ് നിധി. 1945-ല്‍ കുറഞ്ഞത് 2 ദശലക്ഷം അല്ലെങ്കില്‍ 3 ദശലക്ഷം ഡച്ച് ഗില്‍ഡറുകള്‍ വിലമതിക്കുന്ന നിധിക്ക് ഇന്നത്തെ ഏകദേശം 15.85 ദശലക്ഷം പൗണ്ട് മൂല്യമാണ് കണക്കാക്കുന്നത്. അതായത് ഏകദേശം 158 കോടി രൂപ.

നിധിയുടെ ചരിത്രം
1945 ഏപ്രിലിൽ സംഖ്യകക്ഷികള്‍ നെതര്‍ലന്‍ഡ്സിന്റെ കിഴക്ക് ആര്‍ന്‍ഹെമിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിധി കുഴിച്ചിട്ടതെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. സംഖ്യകക്ഷികളുടെ നീക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ സൈന്യം പലായനം ചെയ്യുന്ന സമയത്താണ് കൈവശമുണ്ടായിരുന്ന നിധി സുരക്ഷിതമായി കുഴിച്ചിടാന്‍ തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആര്‍ന്‍ഹെമില്‍ നിന്ന് 25 മൈല്‍ അകലെ ഒമ്മെറന്‍ ഗ്രാമത്തിന് പുറത്തുള്ള ഒരു പോപ്ലര്‍ മരത്തിന്റെ അടിയില്‍ 70-80 സെന്റീമീറ്റര്‍ ആഴത്തിലായിട്ടാണ് നിധി കുഴിച്ചിട്ടതെന്ന് കരുതപ്പെടുന്നു. നിധി കുഴിച്ചിട്ട നാല് പേരിലൊരാളാണ് ഹെല്‍മട്ട് എസ്. 1925-ല്‍ ജനിച്ച ഹെല്‍മട്ട് എസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാമെന്ന് നാഷണല്‍ ആര്‍ക്കൈവ്സ് വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഹെല്‍മട്ട് എസ് പറയുന്നതനുസരിച്ച്, 1944 ഓഗസ്റ്റില്‍ ആര്‍ന്‍ഹെമിലെ റോട്ടര്‍ഡാംഷെ ബാങ്ക് ശാഖയില്‍ ബോംബ് സ്‌ഫോടനം നടത്തിയപ്പോഴാണ് ഈ നിധി ശേഖരം അവര്‍ ആദ്യം കണ്ടെത്തിയത്. സ്‌ഫോടനത്തില്‍ തകര്‍ന്ന സേഫുകളില്‍ നിന്നാണ് സൈനികര്‍ നിധി ശേഖരം കൊള്ളയടിച്ചത്.

എന്നാല്‍ 1946-47ല്‍ ബിഹീര്‍സിന്‍സ്റ്റിറ്റിയൂട്ട് നിധി കണ്ടെത്തുന്നതിനായി മൂന്ന് തവണ തിരച്ചിലുകള്‍ നടത്തിയിരുന്നതായും പറയപ്പെടുന്നു. മൂന്നാമത്തെ തവണ, ജര്‍മ്മനിയില്‍ നിന്ന് ഹെല്‍മട്ട് എസിനെ കൊണ്ടുവന്ന തിരിച്ചില്‍ തടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മാപ്പ് ഉണ്ടാക്കിയത് ആര്?
എന്നാൽ ഇപ്പോൾ പുറത്തിറക്കിയ മാപ്പിന്റെ സ്രഷ്ടാവ് ആരാണെന്നതിന് കൃത്യമായ ഉത്തരമില്ല. എന്നാല്‍ ഇത് ജര്‍മ്മന്‍ പട്ടാളക്കാരില്‍ ഒരാളാണ് സൃഷ്ടിച്ചതെന്ന് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു. വസ്തു ഉടമകളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വര്‍ഷങ്ങളോളം ഇത് പുറത്തുവിടില്ല എന്ന വ്യവസ്ഥയോടെ, ഹെല്‍മട്ട് എസ് ഇത് നെതര്‍ലാന്‍ഡ്സിലെ ബെഹീര്‍സിന്‍സ്റ്റിറ്റിയൂട്ടിന് കൈമാറയിതായാണ് റിപ്പോര്‍ട്ട്.

അതേസമയം, നിജ്മെഗനിലെ റാഡ്ബൗഡ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂസ്റ്റ് റോസെന്‍ഡാല്‍ പറയുന്നതനുസരിച്ച്, രണ്ടാം ലോകമഹായുദ്ധക്കാലത്ത് കൊള്ളയടിക്കല്‍ സര്‍വ്വസാധാരണമായിരുന്നു. 1944 ഒക്ടോബറില്‍ ജര്‍മ്മന്‍ പട്ടാളക്കാര്‍ ആര്‍ന്‍ഹെമില്‍ കുറഞ്ഞത് അഞ്ച് ബാങ്കുകളെങ്കിലും കൊള്ളയടിച്ചിട്ടുണ്ട്. 1945 ഏപ്രിലിലെ വിമോചനത്തിനുശേഷം, സൗത്ത് വെയില്‍സ് ബോര്‍ഡറേഴ്സില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഡച്ചുകാരന്‍ ഉള്‍പ്പെട്ട ഒരു സംഘത്തെ ബ്രിട്ടീഷ് യൂണിഫോമില്‍ എത്തിയ സൈന്യം കൊള്ളയടിച്ചിരുന്നു.

1944 നവംബറില്‍ ജര്‍മ്മന്‍ സൈന്യം ആര്‍ന്‍ഹേമിലെ റോട്ടര്‍ഡാംഷെ ബാങ്കിന് തീയിട്ടപ്പോള്‍ മറ്റ് സൈനികര്‍ നിധി മോഷ്ടിച്ചതാവുമെന്ന് റോസെന്‍ഡാല്‍ പറയുന്നു. ബാങ്ക് കൊള്ളയടിക്കുന്നത് മറയ്ക്കാനാണ് തീയിട്ടതെന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സ് 1945 ഏപ്രില്‍ 24-ന് രാത്രി ഒമ്മെറന് ചുറ്റുമുള്ള പ്രദേശത്ത് ബോംബാക്രമണം നടത്തിയിരുന്നു. നിധി കുഴിച്ചിട്ട സ്ഥലം ഈ ബോബാക്രമണത്തില്‍ തകര്‍ക്കപ്പെട്ടു.ഇത് നിധി ശേഖരം പ്രദേശവാസികള്‍ക്കോ ബ്രിട്ടന്‍ സൈന്യത്തിനോ ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ടാകാം. അല്ലെങ്കില്‍ ജര്‍മ്മനി നിധിശേഖരം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുണ്ടാകാമെന്നും ചരിത്രകാരന്മാര്‍ പറയുന്നു.