നാലര പതിറ്റാണ്ട് മുമ്പ് പ്രവചിച്ച ദുരന്തം! ജോഷിമഠില്‍ വില്ലനായി സര്‍ക്കാര്‍ പദ്ധതിയും

0
84

ഉത്തരാഖണ്ഡിലെ ജോഷിമഠത്തില്‍ ഭൂമി ഇടിഞ്ഞു താഴുന്നതും വിണ്ടുകീറുന്നതും ആശങ്ക ഉയര്‍ത്തുകയാണ്. തിങ്കളാഴ്ച വൈകിട്ട് വരെ ഒമ്പത് വാര്‍ഡുകളിലായി 678 വീടുകള്‍ക്ക് വിള്ളലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ദുരന്തനിവാരണ നിയമപ്രകാരം രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി. 16 ഇടങ്ങളിലായി 81 കുടുംബങ്ങളെ മാത്രമാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. ജോഷിമഠില്‍ 19 സ്ഥലങ്ങളിലായി 213 മുറികളിലായി 1191 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍ ജോഷിമഠില്‍ നിന്ന് കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ വേദനകള്‍ക്കിടെയില്‍ സര്‍ക്കാരിനോട് കാട്ടിയ വിശ്വാസത്തില്‍ പോറല്‍ വീണിട്ടുണ്ടെന്നത് മറക്കാനാവില്ല. ജോഷിമഠ് നിവാസികളുടെ കരളുപിടയുമ്പോള്‍ 47 വര്‍ഷം പിന്നിലേക്ക് പോകേണ്ടതുണ്ട്. അന്ന് സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിരുന്നെങ്കില്‍ ജോഷിമഠിന് ഭീഷണിയുണ്ടാകില്ലായിരുന്നു.

ജോഷിമഠിനെ കാത്തിരുന്ന അപകടം അവഗണിക്കപ്പെട്ട ചരിത്രം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്. മിശ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇതിന് തെളിവ്. അളകനന്ദ നദിയിലെ വെള്ളപ്പൊക്കത്തില്‍ ജോഷിമഠിലെ വീടുകളില്‍ വിള്ളലുകള്‍ വീണതിനെ തുടര്‍ന്ന് 1976ല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. 47 വര്‍ഷം മുമ്പ് അന്നത്തെ ഗര്‍വാള്‍ ഡിവിഷണല്‍ കമ്മീഷണര്‍ മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലായിരുന്നു ആ വിദഗ്ധ സമിതി. നാലര പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ജോഷിമഠ് അപകടത്തെക്കുറിച്ച് 18 അംഗ മിശ്ര കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജോഷിമഠിന്റെ അടിത്തറയോട് ചേര്‍ന്നുള്ള മണ്ണും പാറകളും ഒട്ടും ഇളകരുതെന്ന് മിശ്ര കമ്മിറ്റി പറഞ്ഞിരുന്നു. എന്നാലിത് അവഗണിക്കപ്പെട്ടു. മിശ്ര കമ്മറ്റിയുടേതുള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഫയലുകളില്‍ പൂഴ്ത്തിവെയ്ക്കപ്പെട്ടുവെന്നാണ് ആരോപണം. പുതിയ വിദഗ്ധര്‍ വരും, പുതിയ റിപ്പോര്‍ട്ടുകളും. ഒന്നും നടപ്പായില്ല. നിലവില്‍പഴയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് നടപ്പാക്കിയതെന്ന് അവകാശപ്പെടുന്ന വികസന പദ്ധതികള്‍ക്കാണ് പഴി.

എന്‍ടിപിസിസിയുടെ തുരങ്കം മൂലം ദുരന്തം വര്‍ധിച്ചെന്നാണ് പുതിയ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ആരോപണം. NTPC പവര്‍ പ്രോജക്റ്റിന്റെ ടണലില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍തത്തനങ്ങളെ ലക്ഷ്യമിട്ടാണ് ആരോപണങ്ങള്‍. എന്‍ടിപിസിയുടെ പദ്ധതി കൊണ്ടാണോ ജോഷിമഠത്തില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. എന്‍ടിപിസി നിര്‍മ്മിക്കുന്ന തുരങ്കം ജോഷിമഠ് നഗരത്തിന് കീഴിലൂടെ കടന്നുപോകുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ടണല്‍ ബോറിംഗ് മെഷീന്‍ (ടിബിഎം) ഉപയോഗിച്ചാണ് ഈ തുരങ്കം കുഴിച്ചിരിക്കുന്നത്. നിലവില്‍ സ്‌ഫോടനം നടക്കുന്നില്ല.എന്നാല്‍ 2009 ഡിസംബര്‍ മുതല്‍ ടണല്‍ ബോറിങ് യന്ത്രം മൂലം ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ആക്ഷേപമുണ്ട്.

2009 ഡിസംബറില്‍ 900 മീറ്റര്‍ താഴ്ചയില്‍ ടിബിഎം കുടുങ്ങിയെന്നും ഇതുമൂലം ഉയര്‍ന്ന മര്‍ദ്ദത്തെ തുടര്‍ന്ന് വെള്ളം ഉപരിതലത്തിലേക്ക് വന്നുവെന്നുമാണ് അവകാശവാദം. ജോഷിമഠിലെ ധംസാവിലെ ഹൈഡല്‍ ടണലുമായി ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും ഉത്തരാഖണ്ഡിലെ ദുരന്തനിവാരണ ഡയറക്ടര്‍ പിയൂഷ് റൗട്ടേലയ്ക്ക് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എന്നാല്‍ 2009 ഡിസംബറില്‍ വൈദ്യുതി പദ്ധതിയുടെ ടണല്‍ ബോറിങ് യന്ത്രം മൂലമുണ്ടായ പ്രതിസന്ധി ജോഷിമഠത്തെ ബാധിച്ചതിനാല്‍ നിലവിലെ സംഭവുമായി ഇതിനെ എന്തുകൊണ്ട് ബന്ധിപ്പിച്ചുകൂടായെന്ന് ചാര്‍ധാം പദ്ധതിയില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി അംഗം ഡോ. ഹേമന്ത് ധ്യാനി ചോദിക്കുന്നു.

സുരക്ഷിതമല്ലാത്ത വീടുകള്‍ അടയാളപ്പെടുത്തുന്നു

ജോഷിമഠിലെ ചമോലി ജില്ലാ ഭരണകൂടവും എസ്ഡിആര്‍എഫ് സംഘങ്ങളും വീടുകള്‍ സുരക്ഷിതമല്ലെന്ന് അടയാളപ്പെടുത്തുന്നത് തുടരുകയാണ്. ഭൂമി ഇടിഞ്ഞ് തകര്‍ന്ന വീടുകളില്‍ ചുവന്ന പെയിന്റില്‍ ഗുണന ചിഹ്നമാണ് വരയ്ക്കുന്നത്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ വീട്ടുടമസ്ഥരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ബുധനാഴ്ച മുതല്‍ താമസക്കാരെ ഒഴിപ്പിക്കുന്നത് ആരംഭിച്ചിരുന്നു. ഇതുവരെ 9 വാര്‍ഡുകളിലായി 603 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായതായും 65 കുടുംബങ്ങളെ രക്ഷപ്പെടുത്തിയതായും ചമോലി ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, സുരക്ഷയ്ക്കും രക്ഷാപ്രവർത്തനത്തിനുമായി ഉത്തരാഖണ്ഡ് സർക്കാർ ചമോലിക്കായി 11 കോടി രൂപ അധികമായി അനുവദിച്ചു. പ്രശ്‌ന ബാധിത മേഖലകളിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുകയാണ്. ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കവാടമാണ് ജോഷിമഠ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ആദി ഗുരു ശങ്കരാചാര്യർ തപസ്സനുഷ്ഠിച്ച സ്ഥലമായാണ് ഇത് അറിയപ്പെടുന്നത്. ഭൂമി തകർച്ചയെക്കുറിച്ചും ജോഷിമഠിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും ”ദ്രുതഗതിയിലുള്ള പഠനം” നടത്താൻ കേന്ദ്ര സർക്കാർ ഒരു പാനലിനെ നിയോഗിച്ചിരുന്നു.

ജോഷിമഠ് പ്രതിസന്ധിയ്ക്ക് കാരണം?

ജോഷിമഠ് മുങ്ങുന്നതിന്റെ ഏറ്റവും വലിയ കാരണം പട്ടണത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. നഗരം സ്ഥാപിച്ച മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്ക് താങ്ങാനുള്ള ശേഷി കുറവാണ്. ജോഷിമഠിലെ മണ്ണിന് ഉയർന്ന തോതിലുള്ള നിർമ്മാണത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് വിദഗ്ധർ പണ്ടേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർധിച്ച നിർമ്മാണം, ജലവൈദ്യുത പദ്ധതികൾ, ദേശീയ പാതയുടെ വീതി കൂട്ടൽ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ചരിവുകളെ വളരെ അസ്ഥിരമാക്കി. വിഷ്ണുപ്രയാഗിൽ നിന്ന് ഒഴുകുന്ന അരുവികൾ മൂലമുള്ള മണ്ണൊലിപ്പും പ്രകൃതിദത്തമായ അരുവികളിലൂടെ ഒഴുകുന്നതും മറ്റ് കാരണങ്ങളാണ്.

ജോഷിമഠത്തെ രക്ഷിക്കാൻ എന്തുചെയ്യാം?

മേഖലയിലെ വികസനവും ജലവൈദ്യുത പദ്ധതികളും പൂർണമായി അടച്ചുപൂട്ടാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. എന്നാൽ താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും പുതിയ വേരിയബിളുകളും മാറുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളും ഉൾക്കൊള്ളാനുള്ള നഗരത്തിന്റെ ആസൂത്രണം പുനർവിചിന്തനം ചെയ്യുകയും ചെയ്യുക എന്നതാണ് അടിയന്തിര ആവശ്യം.

പഠിക്കേണ്ടതും പുനർവികസിപ്പിച്ചെടുക്കേണ്ടതുമായ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് ഡ്രെയിനേജ് ആസൂത്രണം. കൂടുതൽ കൂടുതൽ മാലിന്യങ്ങൾ മണ്ണിലേക്ക് ഒഴുകുകയും ഉള്ളിൽ നിന്ന് അയഞ്ഞുപോകുകയും ചെയ്യുന്നതിനാൽ മോശം ഡ്രെയിനേജും മലിനജല പരിപാലനവും നഗരത്തെ ദുരിതത്തിലാക്കുന്നു. ഇത് പരിശോധിച്ച് ഡ്രെയിനേജ് സംവിധാനത്തിന് പുതിയ പദ്ധതി തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണിന്റെ ശേഷി നിലനിർത്താൻ ഈ പ്രദേശത്ത്, പ്രത്യേകിച്ച് ദുർബലമായ സ്ഥലങ്ങളിൽ വീണ്ടും കൃഷി ചെയ്യാനും വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.