സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ സൗദി അറേബ്യ ഇന്ത്യയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്

0
98

2023ല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഇന്ത്യയെ സൗദി മറികടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഊര്‍ജ മേഖലയില്‍ നിന്നുള്ള വരുമാനം മൂലം സൗദി സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന വിലയിരുത്തലാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് സൗദി അറേബ്യയുമായി താരതമ്യപ്പെടുത്തിയാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഊര്‍ജ മേഖലയില്‍ നിന്നുള്ള വരുമാന നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സൗദി 7.6 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയുമായി ഇന്ത്യയെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ഏഴ് ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2021-22ലെ 8.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23 വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായതായാണ് ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.7 ശതമാനം ആയിരുന്നു.