ആഗോള സാമ്പത്തിക മാന്ദ്യം മെമ്മറി ചിപ്പുകളുടെ വില കുറയുകയും, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ആവശ്യകതയെ സാരമായി ബാധിക്കുകയും ചെയ്‌തതിനാൽ സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ ത്രൈമാസ ലാഭം എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ്, ടെലിവിഷൻ, സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ദക്ഷിണ കൊറിയൻ മൾട്ടിനാഷണൽ കമ്പനി, അതിന്റെ ഒക്ടോബർ-ഡിസംബർ പ്രവർത്തന ലാഭം ഒരു വർഷം മുമ്പ് നേടിയ 13.87 ട്രില്യണിൽ നിന്ന് 69 ശതമാനം ഇടിഞ്ഞ് 4.3 ട്രില്യൺ ആയി കുറഞ്ഞുവെന്ന് ഒരു പ്രസ്‌താവനയിൽ അറിയിച്ചു.
അതേസമയം, കമ്പനിയുടെ പ്രഖ്യാപനത്തെത്തുടർന്ന് ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പുരോഗതിയുടെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ നിലവിലെ പാദത്തിലും സാംസങ്ങിന്റെ ലാഭം വീണ്ടും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്‌ധർ പറഞ്ഞു. 2014 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിന് ശേഷം സാംസങ്ങിന്റെ ഏറ്റവും ചെറിയ ത്രൈമാസ ലാഭമായിരുന്നു ഇക്കുറി ഉണ്ടായത്.
കമ്പനി അതിന്റെ എല്ലാ പ്രധാന ബിസിനസ്സ് സെഗ്‌മെന്റുകളിലും ലാഭം ഉണ്ടാക്കുന്നതിൽ നന്നേ ബുദ്ധിമുട്ടുകയാണ്. കമ്പനിയുടെ ത്രൈമാസ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം ഇടിഞ്ഞ് 70 ട്രില്യൺ വോൺ ആയി.
ലോകമെമ്പാടുമുള്ള വർധിച്ചുവരുന്ന പലിശനിരക്കുകളും പണപ്പെരുപ്പ സമ്മർദവും മൂലം ആപ്പിളിനെപ്പോലുള്ള വിപണിയിലെ പ്രധാന എതിരാളികളായ കമ്പനികൾക്ക് വിൽക്കുന്ന അർദ്ധചാലകങ്ങൾക്ക് പുറമെ സാംസങ്ങിന്റെ മുഖ്യ ഉൽപ്പന്നമായ സ്‌മാർട്ട്‌ഫോണുകളുടെ ആഗോള ഡിമാൻഡിനെ സാരമായി ബാധിച്ചിരുന്നു.
സാംസങ് മാത്രമല്ല, ലോകമെമ്പാടുമുള്ള ടെക്‌നോളജി കമ്പനികൾ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലുള്ള ഡിമാൻഡ് മാന്ദ്യം കണക്കിലെടുത്ത് ചില പ്രമുഖ ടെക്‌നോളജി കമ്പനികൾ ഇതിനകം തന്നെ ചെലവ് കുറയ്ക്കുന്നതിന് കൂട്ട പിരിച്ചുവിടലുകൾ ഉൾപ്പെടെയുള്ള അവസാന നടപടികളിലേക്ക് കടന്നിട്ടുമുണ്ട്.
നിലവിലെ സാഹചര്യത്തിൽ ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകളൊന്നും ലഭ്യമല്ല. ഇതിനാൽ തന്നെ സാങ്കേതിക വ്യവസായം ഒരു നീണ്ട വെല്ലുവിളി നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ ഭയപ്പെടുന്നു. സമീപഭാവിയിൽ കൂടുതൽ പിരിച്ചുവിടലുകൾക്ക് ഈ സ്ഥിതി കാരണമാകും എന്നാണ് വിലയിരുത്തൽ.