Monday
12 January 2026
20.8 C
Kerala
HomeKeralaസജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു

ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുത്തു.

സഗൗരവ പ്രതിജ്ഞയെടുത്താണ് സജി ചെറിയാൻ മന്ത്രിയായത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി.എൻ. വാസവൻ, ആന്റണി രാജു, കെ കൃഷ്ണൻകുട്ടി, കെ രാജൻ, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ.എൻ ബാലഗോപാൽ, പി രാജീവ്, ജെ ചിഞ്ചുറാണി, വീണ ജോർജ്, എം.ബി രാജേഷ്, ആർ ബിന്ദു, ജി.ആർ അനിൽ, എം.പിമാരായ ജോസ് കെ മാണി, എ.എ റഹീം, എം.എൽ.എമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡി.ജി.പി അനിൽകാന്ത്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം അനക്‌സ് ഒന്നിലെ നാലാം നിലയിലെ ഓഫീസിലെത്തി മന്ത്രി ചുമതലയേറ്റെടുത്തു. ആറ് മാസം മുമ്പ് മന്ത്രിയായിരുന്നപ്പോഴത്തെ അതേ ഓഫീസ് തന്നെയാണ് സജി ചെറിയാന് അനുവദിച്ചത്.

മന്ത്രിസഭാ പുന:പ്രവേശനത്തിൽ സന്തോഷം പ്രകടിപ്പിച്ച മന്ത്രി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിൽ മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. തീരദേശവുമായി ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാകും പദ്ധതികൾ നടപ്പാക്കുക. സംസ്ഥാനത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് ഉണർവ്വേകുന്ന പ്രവർത്തനങ്ങൾ സാംസ്‌കാരിക രംഗത്ത് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments