തണുത്തുറഞ്ഞ് ഉത്തരേന്ത്യ; കനത്ത മൂടൽമഞ്ഞും

0
76

ഇന്തോ-ഗംഗാ സമതലങ്ങളെ പൊതിഞ്ഞ് മൂടൽമഞ്ഞ്. രണ്ടോ മൂന്നോ ദിവസത്തേക്ക് കൂടി ഇത് തുടർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ തണുപ്പ് തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വടക്കേ ഇന്ത്യയിൽ താപനില പലപ്പോഴും ഒറ്റ അക്കത്തിലേക്ക് താഴുകയോ, നെഗറ്റീവ് സോണിലേക്ക് പോകുകയോ ചെയ്യുന്നതിനാൽ രാത്രികൾ തണുത്തുറയുന്ന നിലയിലാണ്.

മൂടൽമഞ്ഞും കുറഞ്ഞ മേഘാവൃതവും കാരണം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്‌ച കടുത്ത ശീത തരംഗാവസ്ഥ നിരീക്ഷിക്കപ്പെട്ടു. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും സമാന സാഹചര്യമാണ് നേരിട്ടത്.

കുറഞ്ഞ താപനില സാധാരണയിൽ നിന്ന് 10 ഡിഗ്രി സെൽഷ്യസിനേക്കാൾ കുറവോ അതിന് തുല്യമോ ആവുകയും, കൂടിയ താപനില സാധാരണയിൽ നിന്ന് കുറഞ്ഞത് 4.5 ഡിഗ്രി സെൽഷ്യസിനേക്കാൾ കുറവോ ആയിരിക്കുമ്പോഴാണ് ‘കോൾഡ് ഡേ’ ആയി കണക്കാക്കുന്നത്. കൂടിയ താപനില 6.5 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിൽ കൂടുതലായി സാധാരണ നിലയിലായിരിക്കുമ്പോഴാണ് ‘സിവിയർ കോൾഡ് ഡേ’ ആയി പരിഗണിക്കപ്പെടുന്നത്.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില രാജസ്ഥാനിലെ ഫത്തേപൂരിലാണ്, -1C ആയിരുന്നു ഇതെന്ന് ഐഎംഡി അറിയിച്ചു. ഡൽഹിയിൽ ചൊവ്വാഴ്‌ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അർദ്ധരാത്രിയോടെ 7 ഡിഗ്രി സെൽഷ്യസാണ്. ഐഎംഡിയുടെ കണക്കനുസരിച്ച്, ലോധി റോഡ്, പാലം, ജാഫർപൂർ, മയൂർ വിഹാർ എന്നിവയുൾപ്പെടെ ദേശീയ തലസ്ഥാനത്തെ പല സ്ഥലങ്ങളിലും പരമാവധി താപനില സാധാരണയേക്കാൾ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്.

ഝാർഖണ്ഡിലാവട്ടെ സംസ്ഥാനത്തുടനീളം വ്യാപിച്ച കൊടും തണുപ്പിന്റെ പശ്ചാത്തലത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് ജനുവരി 8 വരെ അവധിയായിരിക്കും. ലഖ്‌നൗവിലും ജനുവരി 4 മുതൽ ജനുവരി 7 വരെ എല്ലാ വിദ്യാർത്ഥികൾക്കും അവധിയായിരിക്കും.