കൗമാര പ്രതിഭകളുടെ മഹോത്സവത്തിന് കോഴിക്കോട് നഗരം ഒരുങ്ങി കഴിഞ്ഞു. ഇന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കർട്ടൻ ഉയരും. രാവിലെ 8.30ന്, പ്രധാനവേദിയായ വെസ്‌റ്റ് ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തും. ഇതിന് ശേഷം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് അധ്യക്ഷൻ. 25 വേദികളിലായി കലാപരിപാടികൾ പരിപാടികള്‍ അരങ്ങേറും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000ത്തോളം വിദ്യാര്‍ത്ഥികളാകും കലോത്സവത്തില്‍ പങ്കെടുക്കുക. സാധാരണ ഒരാഴ്‌ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ടാവും പൂര്‍ത്തിയാക്കുക.
ജനുവരി 7ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി സമ്മാനവിതരണം നിർവഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി കെ രാജൻ സുവനീർ പ്രകാശനം ചെയ്യും.
കോഴിക്കോട് നാളെ മുതല്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട് നഗരത്തില്‍ ജനുവരി 3 മുതല്‍ 7 വരെ ഗതാഗത നിയന്ത്രണം (Traffic control). സംസ്ഥാന സ്‌കൂള്‍ കലോത്സവം (State School Youth Festival) നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടക്കുന്നകണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവര്‍ ചുങ്കത്ത് ഇറങ്ങണം. ഇവിടെ നിന്നും നഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെങ്ങളം ജംഗ്ഷനില്‍ നിന്നും ബൈപാസ് -േേവങ്ങരി -മലാപ്പറമ്പ് വഴി നഗരത്തില്‍ പ്രവേശിക്കണം. കണ്ണൂര്‍ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ പോകണം.
കണ്ണൂര്‍ ഭാഗത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങള്‍ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ പോകണം. തളി സാമൂതിരി ഗ്രൗണ്ടിന് മുന്‍വശം റോഡ് വണ്‍വേ ആയിരിക്കും. തളി റോഡില്‍ നിന്നും പൂന്താനം ജംഗ്ഷന്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല.
കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകള്‍ പൂളാടിക്കുന്ന് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേങ്ങേരി -മലാപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് കലോത്സവം കാണാന്‍ വരുന്നവര്‍ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി -അത്തോളി ബസില്‍കയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്‍ ഭാഗത്തേക്ക് പോകണം.
ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂള്‍ റോഡ്: ജയലക്ഷ്മി സില്‍ക്‌സ് ജംഗ്ഷനില്‍ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും.ബോംബെ ഹോട്ടല്‍ ജംഗ്ഷനില്‍ നിന്നും സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.
കോര്‍ട്ട് റോഡ് -ദേശാഭിമാനി ജംഗ്ഷന്‍: കോര്‍ട്ട് റോഡ് -ദേശാഭിമാനി ജംഗ്ഷനില്‍ നിന്നും ടാഗോര്‍ ഹാള്‍ ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും.
കിസാന്‍ ഷോപ് ജംഗ്ഷനില്‍ നിന്നും ദേശാഭിമാനി കോണ്‍വെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. പഴയ കോര്‍പറേഷന്‍ ഓഫിസ് ജംഗ്ഷനില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും.ബാലാജി ജംഗ്ഷനില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാവും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും.