രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം വരദരാജ പെരുമാൾ ക്ഷേത്ര പ്രവേശനം നേടി ദളിതർ

0
95

ഇരുനൂറ് വർഷത്തിലധികം പഴക്കമുള്ള വൈനന്തത്തെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിലുള്ളവർ ആദ്യമായി ആരാധന നടത്തി. സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിലെ ആരാധനയ്ക്കായി ഇവിടുത്തെ നൂറ് കണക്കിന് കുടുംബങ്ങൾ ചേർന്ന് നടത്തിയ പ്രതിഷേധങ്ങളാണ് ഇന്നലെ ഫലം കണ്ടത്. ഇതോടെ, ചരിത്രത്തിൽ രേഖപ്പെടുത്തുകയാണ് 2023 ജനുവരി രണ്ട്.

വരദരാജ പെരുമാൾ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധനയ്ക്കായി പ്രദേശത്തെ ദളിത് വിഭാഗക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. നിവേദനങ്ങളായും പ്രതിഷേധങ്ങളായുമൊക്കെ ഇവർ കാത്തിരുന്നത് വർഷങ്ങൾ. എന്നാൽ ക്ഷേത്ര ഭരണ സമിതി ആരാധനയ്ക്ക് അനുമതി നൽകിയില്ല. ക്ഷേത്രത്തിൽ കയറാൻ ചിലർ ശ്രമിച്ചത്, പ്രദേശത്ത് വലിയ പ്രശ്‌നങ്ങളും സൃഷ്ടിച്ചു. ആറു മാസം മുൻപാണ് ക്ഷേത്രപ്രവേശനത്തിനായി പ്രദേശത്തുകാർ നിരന്തര സമരം ആരംഭിച്ചത്.

സമരം ശക്തമായതോടെ, കലക്ടറുടെ നേതൃത്വത്തിൽ സമാധാന യോഗങ്ങൾ ചേർന്നു. ദേവസ്വം മന്ത്രിയുടെ ഓഫിസിലെത്തി സമരക്കാർ നിവേദനം നൽകി. അങ്ങനെ ഒടുവിൽ അനുമതി ലഭിച്ചു. ഇന്നലെ പ്രദേശത്തെ നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രവും പരിസരവും. വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ഇന്നലെ ഉത്സവാഘോഷമായിരുന്നു.