ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; യുഎസില്‍ മരണം 60 കടന്നു

0
83

ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും അമേരിക്കയിലെ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസില്‍ 45 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റില്‍ മരണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച 109 സെന്റിമീറ്റര്‍ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളില്‍ ആറടിയോളം ഉയരത്തില്‍ മഞ്ഞുപൊതിഞ്ഞിരിക്കയാണ്.

ക്രിസ്മസ് വാരാന്ത്യത്തില്‍ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലുണ്ടായതിനെ ‘നൂറ്റാണ്ടിലെ മഞ്ഞുവീഴ്ച’ എന്നാണ് അധികാരികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കാറ്റും പൂജ്യത്തിന് താഴെയുള്ള താപനിലയും കാരണം ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. കൊടുങ്കാറ്റില്‍ ന്യൂയോര്‍ക്കില്‍ ഇതുവരെ, 27 പേരും യുഎസിലുടനീളം 60 പേരും മരിച്ചു.

ബഫലോയില്‍ മാത്രം 27 പേര്‍ മരിച്ചു. ഏതാനും പേര്‍ കാറുകളില്‍ മരിച്ച നിലയിലായിരുന്നു. ഇവിടെ 18 അടി ഉയരത്തിലുള്ള മഞ്ഞുകൂനയില്‍ മുങ്ങിയ ഒരു വൈദ്യുതി സബ്‌സ്റ്റേഷന്‍ പൂട്ടി. മണിക്കൂറില്‍ 64 കിലോമീറ്ററിലേറെ വേഗത്തില്‍ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര-രാജ്യാന്തര വിമാനസര്‍വീസുകളാണു യുഎസില്‍ റദ്ദാക്കിയത്. യുഎസില്‍ ഒട്ടേറെ പേര്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. ആയിരക്കണക്കിനു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചു.

റോഡരികുകള്‍ കാറുകള്‍, ബസുകള്‍, ആംബുലന്‍സുകള്‍, ടോറസ് ട്രക്കുകള്‍ എന്നിവകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മഞ്ഞ് മൂടിയ തെരുവുകള്‍ വൃത്തിയാക്കാനും വൈദ്യസഹായം ആവശ്യമുള്ള ഒറ്റപ്പെട്ട താമസക്കാരെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ക്ക് ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും തിരിച്ചടിയായിട്ടുണ്ട്. ആശുപത്രി ഗതാഗതമായി അധികൃതര്‍ ഹൈ-ലിഫ്റ്റ് ട്രാക്ടറുകള്‍ വിന്യസിച്ചു.

ദിവസങ്ങളോളം അടച്ചിട്ടിരുന്ന ചില പലചരക്ക് കടകള്‍ തിങ്കളാഴ്ച വീണ്ടും തുറന്നിരുന്നു. എന്നാല്‍, ആളുകള്‍ക്ക് അവിടെയെത്താന്‍ ഒരു മൈലിലധികം (1.6 കി.മീ.) തെരുവിലൂടെ നടക്കേണ്ടി വന്നു. ചൊവ്വാഴ്ച വരെ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചില പ്രദേശങ്ങളില്‍ 9 ഇഞ്ച് വരെ (23 സെന്റീമീറ്റര്‍) മഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.

കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയാണ് കൊടുങ്കാറ്റിന്റെ തീവ്രതയ്ക്ക് കാരണമായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ”അന്തരീക്ഷത്തിന് കൂടുതല്‍ ജലബാഷ്പം വഹിക്കാന്‍ കഴിയും, അത് ഇന്ധനമായി വര്‍ത്തിക്കുന്നു.”- ബോള്‍ഡറിലെ കൊളറാഡോ സര്‍വകലാശാലയിലെ നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്റര്‍ ഡയറക്ടര്‍ മാര്‍ക്ക് സെറെസ് പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലുടനീളം ഹിമപാതം ആഞ്ഞടിച്ചിരുന്നു. ഭക്ഷണവും ഡയപ്പറും നല്‍കണമെന്ന് നാട്ടുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.

അതേസമയം, ജപ്പാനില്‍ അതിശൈത്യം 17 പേരുടെ ജീവന്‍ കവര്‍ന്നു. വരും ദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. നൂറുകണക്കിനു പേര്‍ക്ക് ഹിമപാതത്തില്‍ പരുക്കേറ്റിട്ടുണ്ട്. മരണം ഏറെയും വീടിന്റെ മേല്‍ക്കൂരയില്‍നിന്നു മഞ്ഞുനീക്കുന്നതിനിടെ അപകടത്തില്‍ പെട്ടാണ്. വടക്കുകിഴക്കന്‍ ജപ്പാനില്‍ പലയിടത്തും മഞ്ഞുവീഴ്ച മൂന്നിരട്ടി വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ട്.

കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതല്‍ മെക്‌സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചു. ഈ മേഖലയില്‍ അന്തരീക്ഷമര്‍ദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണു വിലയിരുത്തല്‍.