ദുബായിൽ അനധികൃത മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന

0
124

അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താനായി ദുബൈ പൊലീസ് പരിശോധന തുടങ്ങി. നിയമം ലംഘിച്ചതായി കണ്ടെത്തിയ 91 ഫ്‌ലാറ്റുകളാണ് ഇതിനകം അധികൃതര്‍ അടച്ചുപൂട്ടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങളില്‍ പോകരുതെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കവര്‍ച്ചയും കൊലപാതകവും വരെ ഇതുവഴി സംഭവിക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

അനധികൃത മസാജ് കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി നിരവധി ക്യാമ്പയിനുകള്‍ പൊലീസ് തുടങ്ങിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. ഇത്തരം മസാജ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തുകയും ഈ മസാജ് സേവന കാര്‍ഡുകള്‍ വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിയമം ലംഘിക്കുകയും ലൈസന്‍സില്ലാതെ മസാജ് സേവനങ്ങള്‍ നല്‍കുകയും ചെയ്ത 91 ഫ്‌ലാറ്റുകള്‍ ഈ വര്‍ഷം നടത്തിയ പരിശോധനകളിലൂടെ പൊലീസ് അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കുകയോ ദുബൈ പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ് വഴി പൊലീസ് ഐ സേവനം ഉപയോഗപ്പെടുത്തി വിവരം അറിയിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.