ചൈനയിലെ സെജിയാങ്ങില്‍ സ്ഥിതി അതീവ ഗുരുതരം; പ്രതിദിനം 10 ലക്ഷം കോവിഡ് കേസുകള്‍

0
69

ചൈനയിലെ സെജിയാങ്ങിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്. പ്രതിദിനം 10 ലക്ഷം കേസുകളാണ് ഇവിടെ നിന്നുമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് വൈകാതെ 20 ലക്ഷത്തിലേക്ക് എഎത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. സെജിയാങ്ങില്‍ ലക്ഷക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കോവിഡ് മൂലമുള്ള മരണങ്ങള്‍ രേഖപ്പെടുത്തുന്നില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. പ്രവിശ്യയില്‍ ദിനംപ്രതി മരിക്കുന്നവരുടെ എണ്ണവും കൂടിവരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സെജിയാങ്ങിലെ റോഡുകള്‍ വിജനമാണ്. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. കോവിഡ് ഭീതി പ്രവിശ്യയെ ആകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.

ചൈനയിലെ ഷാങ്ഹായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സെജിയാങ്, ഒരു വലിയ വ്യാവസായിക പ്രവിശ്യയാണ്. നഗരത്തില്‍ പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പ്രവിശ്യാ സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഞായറാഴ്ച അറിയിച്ചു. എന്നാല്‍, കഴിഞ്ഞ അഞ്ച് ദിവസമായി ചൈനയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ കോവിഡ് കേസുകള്‍ വര്‍ധിച്ചു

അതേസമയം, കോവിഡിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ജനങ്ങളും വിദഗ്ധരും ആവശ്യപ്പെട്ടിട്ടുണ്ട്. ബീജിംഗില്‍ സീറോ കൊവിഡ് നയം നടപ്പിലാക്കിയതു മുതല്‍, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ തന്നെ കഴിയേണ്ടി വന്നിരുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ താറുമാറാക്കി. ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് അടുത്തിടെ, ചൈന നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇത് കോവിഡ് കേസുകള്‍ പെട്ടെന്നുകൊണ്ട് ഉയരാന്‍ കാരണമായി. നിലവില്‍ കോവിഡ് രോഗബാധയും മരണങ്ങളും സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

രോഗലക്ഷണങ്ങളില്ലാത്ത രോഗികളും കൂടുന്നു

ചൈനയിലെ ഔദ്യോഗിക കണക്കുകള്‍ മറച്ചുവെക്കുന്നതായി ആരോപണമുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ റിപ്പോര്‍ട്ട് ചെയ്യുന്നത് ദേശീയ ആരോഗ്യ കമ്മീഷന്‍ നിര്‍ത്തിയതിനാല്‍ കേസുകള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്. ഞായറാഴ്ചയും കമ്മീഷന്‍ പ്രതിദിന കണക്കുകള്‍ നല്‍കുന്നത് നിര്‍ത്തി. രോഗലക്ഷണങ്ങളില്ലാതെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് സെജിയാങ്.

പുതുവര്‍ഷത്തില്‍ കോവിഡ് അതിന്റെ ഉച്ചസ്ഥായിയിലെത്താം

കോവിഡിന്റെ ഭീഷണി ഇതുവരെ ഒഴിവായിട്ടില്ലെന്ന് ഷെജിയാങ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുവര്‍ഷത്തോടെ പ്രവിശ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കാം. അപ്പോള്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 20 ലക്ഷം വരെയാകാം എന്നാണ് വിലയിരുത്തല്‍. സെജിയാങ്ങിലെ ജനസംഖ്യ 654 ദശലക്ഷമാണ്. പ്രവിശ്യയില്‍ 13,583 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്ന് സെജിയാങ് ഭരണകൂടം അറിയിച്ചു. കോവിഡ് ബാധിച്ച് ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ചൈനയില്‍, ഇപ്പോള്‍ കോവിഡ് രോഗബാധ മൂലമുള്ള മരണങ്ങള്‍ മാത്രമാണ് കണക്കാക്കുന്നത്. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.