ആയുധവും മയക്കുമരുന്നുമായി പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ തീരത്ത് പിടിയിൽ

0
81

ആയുധവും മയക്കുമരുന്നുമായി പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ തീരത്ത് പിടിയിൽ. 300 കോടിയുടെ മയക്കുമരുന്നുകളും പത്ത് പിസ്റ്റളും കണ്ടെടുത്തു. ഗുജറാത്ത് തീരത്ത് നിന്നാണ് പാക് ബോട്ട് പിടികൂടുന്നത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

40 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ഗുജറാത്തിലെ ആന്റി ടെററിസം സ്‌ക്വാഡിൽ (എടിഎസ്) നിന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 25, 26 തീയതികളിലെ രാത്രിയിൽ ഇന്ത്യൻ തീര സംരക്ഷണ സേന പ്രദേശത്ത് പട്രോളിംഗ് നടത്തി.

തിങ്കളാഴ്ച പുലർച്ചെയാണ് പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് ‘അൽ സൊഹേലി’ ഇന്ത്യൻ സമുദ്രത്തിൽ സംശയാസ്പദമായി നീങ്ങുന്നത് ഐസിജി നിരീക്ഷിച്ചത്. പാക് ബോട്ടിലുണ്ടായിരുന്നവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘം ചോദ്യം ചെയ്ത് വരികയാണ്.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ‘അരിഞ്ജയ്’ എന്ന കപ്പലാണ് പാക് ബോട്ടിനെ തടഞ്ഞത്. എല്ലാവരെയും കൂടുതൽ അന്വേഷണത്തിനായി ഗുജറാത്തിലെ തീരദേശ പട്ടണമായ ഓഖയിലേക്ക് കൊണ്ടുവരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്തിലെ എടിഎസും ചേർന്ന് നടത്തുന്ന ഏഴാമത്തെ സംയുക്ത ഓപ്പറേഷനാണിത്.